ചാരവൃത്തി ആരോപിക്കപ്പെട്ട ആലീസ് ഹുവാങ് 2025ൽ കമ്പനി വിട്ടെന്ന് മെഗാസ്പീഡ്; എൻവിഡിയ സിഇഒയുടെ രാജിക്ക് വഴിവെച്ച വിവാദത്തിൽ വെളിപ്പെടുത്തൽ

സിംഗപ്പൂർ/വാഷിംഗ്ടൺ: ചിപ്പ് നിർമ്മാണ ഭീമനായ എൻവിഡിയയുടെ സി.ഇ.ഒ ജെൻസൺ ഹുവാങ്ങിന്റെ രാജിക്ക് വഴിവെച്ച ചാരവൃത്തി വിവാദത്തിൽ പ്രതികരണവുമായി സിംഗപ്പൂർ ആസ്ഥാനമായുള്ള ‘മെഗാസ്പീഡ് ഇന്റർനാഷണൽ’. ചൈനീസ് ചാരവൃത്തി ആരോപിക്കപ്പെടുന്ന ആലീസ് ഹുവാങ് എന്ന ഹുവാങ് ലെ 2025 ഓഗസ്റ്റിൽ തന്നെ കമ്പനി വിട്ടതായും, നിലവിൽ അവർക്ക് സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്നും കമ്പനി ഞായറാഴ്ച സി.ബി.എസ് ന്യൂസിന് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.

അമേരിക്കൻ കയറ്റുമതി നിയന്ത്രണങ്ങൾ ലംഘിച്ച് എൻവിഡിയയുടെ എ.ഐ ചിപ്പുകൾ ചൈനയിലേക്ക് കടത്തിയെന്ന ആരോപണങ്ങൾ മെഗാസ്പീഡ് പൂർണ്ണമായും നിഷേധിച്ചു. തങ്ങൾ നിയമപരമായ ബിസിനസ്സ് മാത്രമാണ് നടത്തുന്നതെന്നും, കമ്പനിക്കെതിരായ ആരോപണങ്ങൾക്ക് തെളിവുകളില്ലെന്നും പ്രസ്താവനയിൽ പറയുന്നു. ആലീസ് ഹുവാങ്ങിന്റെ വ്യക്തിപരമായ കാര്യങ്ങളിലും ചാരവൃത്തി ആരോപണങ്ങളിലും പ്രതികരിക്കാനില്ലെന്നും കമ്പനി വ്യക്തമാക്കി.

2.4 ലക്ഷം ചിപ്പുകൾ കടത്തിയെന്ന് അന്വേഷണ ഏജൻസികൾ

ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിന് വേണ്ടി പ്രവർത്തിക്കുന്ന ചാരവൃത്തി ഏജന്റാണ് ആലീസ് ഹുവാങ് എന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ സംശയം. ജെൻസൺ ഹുവാങ്ങുമായുള്ള അവിഹിത ബന്ധവും കടലാസ് കമ്പനികളും ഉപയോഗിച്ച്, ചൈനയിലേക്ക് കയറ്റുമതി വിലക്കുള്ള 2,40,000 എൻവിഡിയ ചിപ്പുകൾ ആലീസ് ഹുവാങ് കൈക്കലാക്കിയെന്നാണ് യു.എസ് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. ഈ വിവാദത്തെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ജെൻസൺ ഹുവാങ് എൻവിഡിയ സി.ഇ.ഒ സ്ഥാനം രാജിവെച്ചത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എൻവിഡിയയിൽ നിന്ന് ഏകദേശം 5 ബില്യൺ ഡോളറിന്റെ എ.ഐ ചിപ്പുകളും ഹാർഡ്‌വെയറുകളും വാങ്ങിയ ഏറ്റവും വലിയ വിദേശ ഉപഭോക്താക്കളിൽ ഒന്നാണ് മെഗാസ്പീഡ്. ചൈനീസ് ഗെയിമിംഗ് കമ്പനിയുടെ ഉപസ്ഥാപനമായി തുടങ്ങി വൻവളർച്ച നേടിയ മെഗാസ്പീഡിനെതിരെ അമേരിക്കയിലും സിംഗപ്പൂരിലും നിലവിൽ അന്വേഷണം നടക്കുന്നുണ്ട്.

സിംഗപ്പൂരിന്റെ നടപടിയും എഫ്.ബി.ഐ അന്വേഷണവും

എൻവിഡിയ ചിപ്പുകൾ ചൈനയിലേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി 2025 ജൂണിൽ തന്നെ സിംഗപ്പൂർ അധികൃതർ ആലീസ് ഹുവാങ്ങിന്റെ പാസ്‌പോർട്ട് പിടിച്ചെടുത്തിരുന്നതായി റിപ്പോർട്ടുകളുണ്ട്. അന്ന് ഇക്കാര്യത്തിൽ അമേരിക്കൻ സർക്കാരിന്റെ സഹായം സിംഗപ്പൂർ തേടിയിരുന്നെങ്കിലും വാഷിംഗ്ടണിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. എന്നാൽ വിവാദം ആളിക്കത്തിയതോടെ, ജെൻസൺ ഹുവാങ്ങും ആലീസ് ഹുവാങ്ങും തമ്മിലുള്ള വ്യക്തിബന്ധത്തെയും ബിസിനസ്സ് ഇടപാടുകളെയും കുറിച്ച് എഫ്.ബി.ഐ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide