
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ 20 ലക്ഷം ബാരൽ എണ്ണയുമായി സഞ്ചരിച്ച സൂപ്പർ ടാങ്കർ കടൽ മൈനിൽ തട്ടി തീപിടിച്ച് മുങ്ങിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ്. ആക്രമണത്തെത്തുടർന്ന് കപ്പലിൽ വൻ സ്ഫോടനമുണ്ടായെന്നും തീപിടിത്തത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് എണ്ണക്കപ്പലുകൾ കടൽ മൈനിൽ തട്ടി പൊട്ടിത്തെറിച്ചതായാണ് റെവല്യൂഷണറി ഗാർഡിന്റെ അവകാശവാദം.
ഇതിൽ ഒരു കപ്പൽ മുങ്ങിയതായും അധികൃതർ പറയുന്നു. എന്നാൽ, കപ്പലുകളുടെ പേര്, പതാക, ഉടമസ്ഥത, ജീവനക്കാരുടെ വിവരങ്ങൾ എന്നിവ പുറത്തുവിട്ടിട്ടില്ല. മുങ്ങിയ ടാങ്കറി അവശിഷ്ടങ്ങളിൽ ഇടിച്ച് മറ്റ് കപ്പലുകൾക്ക് അപകടമുണ്ടാകാതിരിക്കാൻ ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും ഇറാൻ സുരക്ഷാ നിർദേശം നൽകിയിട്ടുണ്ട്.
നാവിഗേഷൻ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കി അനധികൃത പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ചതാണ് മൈൻ ആക്രമണത്തിന് കാരണമെന്നാണ് റെവല്യൂഷണറി ഗാർഡിനെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൂപ്പർ ടാങ്കറിന് പുറമെ മറ്റൊരു കപ്പലും ആക്രമണത്തിനിരയായതായി പറയുന്നുണ്ടെങ്കിലും അതിന്‍റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ധാരണകൾ ലംഘിച്ച് മേഖലയിൽ പ്രവേശിക്കുന്ന കപ്പലുകൾക്കും സമാനമായ സാഹചര്യം നേരിടേണ്ടിവരുമെന്ന് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















