
വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡിസിയിലെ ചരിത്രപ്രസിദ്ധമായ പൊതു പാർക്കും ഗോൾഫ് കോഴ്സും അടച്ചുപൂട്ടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു. ഈസ്റ്റ് പൊട്ടോമാക് പാർക്കും ഗോൾഫ് കോഴ്സും ലോകോത്തര നിലവാരത്തിലുള്ള ചാമ്പ്യൻഷിപ്പ് ഗോൾഫ് കോഴ്സാക്കി മാറ്റാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിക്കാണ് കോടതി ഇടപെടൽ തിരിച്ചടിയായത്. നവംബർ 15ന് നടത്താനിരുന്ന അടച്ചുപൂട്ടൽ നടപടിയാണ് യുഎസ് ജില്ലാ ജഡ്ജി അന്ന റെയെസ് തടഞ്ഞത്.
ഈസ്റ്റ് പൊട്ടോമാക് പാർക്കും ഗോൾഫ് കോഴ്സും അടച്ചുപൂട്ടാൻ ഭരണകൂടത്തിന് അനുമതിയില്ലെന്ന് ജഡ്ജി ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ, ഇവ സജീവമായി പരിപാലിക്കണമെന്ന് ഭരണകൂടത്തോട് നിർദേശിച്ചിട്ടില്ല. നവംബർ 28 വരെയാണ് താൽക്കാലിക ഉത്തരവിന്റെ കാലാവധി. ചരിത്രപ്രാധാന്യമുള്ള പാർക്ക് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി. പ്രിസർവേഷൻ ഗ്രൂപ്പും രണ്ട് പ്രാദേശിക ഗോൾഫ് കളിക്കാരും സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
പ്രശസ്ത ഗോൾഫ് കോഴ്സ് ഡിസൈനർ ടോം ഫാസിയോയുടെ രൂപകൽപ്പനയിൽ പുതിയ ചാമ്പ്യൻഷിപ്പ് കോഴ്സ് നിർമിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ പാർക്ക് അടച്ചുപൂട്ടാൻ ഭരണകൂടം തീരുമാനിച്ചത്. എന്നാൽ, അടച്ചുപൂട്ടലിന് ഭരണകൂടം മുന്നോട്ടുവച്ച കാരണങ്ങൾ കൃത്രിമമാണെന്നും പ്രസിഡന്റ് നൽകിയ നിർദേശം നടപ്പാക്കുക മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ജഡ്ജി നിരീക്ഷിച്ചു.
അതേസമയം, പൊതുജനങ്ങൾക്ക് അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ നാഷണൽ പാർക്ക് സർവീസിന് പ്രവേശനം നിയന്ത്രിക്കാൻ അധികാരമുണ്ടെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വക്താവ് വ്യക്തമാക്കി. പുതിയ ഗോൾഫ് കോഴ്സ് നിർമിക്കാനുള്ള പദ്ധതികൾ തുടരുന്നതിന് കോടതി ഉത്തരവ് തടസ്സമാകില്ലെന്നും അദ്ദേഹം പറഞ്ഞു. 1920കളിൽ പ്രവർത്തനം ആരംഭിച്ച ഈസ്റ്റ് പൊട്ടോമാക് ഗോൾഫ് ലിങ്ക്സുമായി ബന്ധപ്പെട്ട പദ്ധതിക്കെതിരായ നിയമപോരാട്ടം മാസങ്ങളായി തുടരുകയാണ്.
കഴിഞ്ഞ മാസം നാഷണൽ പാർക്ക് സർവീസ് അധികൃതർ അനുമതിയില്ലാതെ പ്രദേശത്തെ 500ലധികം മരങ്ങൾ വെട്ടിമാറ്റിയിരുന്നു. ഇതിന് പിന്നാലെ കൂടുതൽ മരങ്ങൾ വെട്ടുന്നത് കോടതി തടയുകയും ഭാവിയിൽ സ്വീകരിക്കുന്ന നടപടികൾ കോടതിയെ അറിയിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. പുതിയ നിർമാണ പ്രവർത്തനങ്ങൾക്കായി ടോം ഫാസിയോയുമായോ മറ്റ് ഏജൻസികളുമായോ ഇതുവരെ കരാറുകളൊന്നും ഒപ്പിട്ടിട്ടില്ലെന്ന് അസോസിയേറ്റ് അറ്റോർണി ജനറൽ സ്റ്റാൻലി വുഡ്വാർഡ് കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു.















