
വാഷിംഗ്ടൺ: അമേരിക്കയിൽ സാങ്കേതിക തകരാറിനെ തുടർന്ന് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ മണിക്കൂറുകളോളം തടസ്സപ്പെട്ട സംഭവത്തിൽ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തെ കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ടാം തവണ അധികാരത്തിലെത്തി രണ്ട് വർഷം പിന്നിടുമ്പോഴും മുൻ ഭരണകൂടത്തിന്റെ വീഴ്ചകളാണ് രാജ്യത്തെ ബാധിക്കുന്നതെന്ന വിമർശനമാണ് ട്രംപ് ഉയർത്തിയത്. ബൈഡൻ ഭരണകൂടത്തിന്റെ വ്യോമയാന മേഖലയിലെ മാനേജ്‌മെന്റ് വലിയ പരാജയമായിരുന്നുവെന്നും അവർ കൈകാര്യം ചെയ്തതെല്ലാം മോശമായെന്നുമാണ് ട്രംപിന്റെ ആരോപണം. വൻതുക വിവേകമില്ലാതെ ചെലവഴിച്ച് സംവിധാനത്തെ കൂടുതൽ മോശമാക്കുകയാണ് മുൻ സർക്കാർ ചെയ്തതെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
നിലവിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിന്റെ ഭൂരിഭാഗവും ഏകദേശം 50 വർഷം പഴക്കമുള്ളതാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. കോൺഗ്രസ് അടിയന്തരമായി ഫണ്ട് അനുവദിച്ചാൽ ലോകത്തിലെ ഏറ്റവും മികച്ച വ്യോമഗതാഗത നിയന്ത്രണ സംവിധാനം വേഗത്തിൽ നിർമിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ലൈറ്റ് കൺട്രോൾ സംവിധാനങ്ങൾ നവീകരിക്കുന്നതിനുള്ള വ്യക്തമായ പദ്ധതി സർക്കാരിന്റെ പക്കലുണ്ടെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്എഎ) മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.
ബൈഡൻ ഭരണകൂടം വ്യോമയാന മേഖലയെ വർഷങ്ങൾ പിന്നോട്ടടിച്ചെന്നും ട്രംപ് ആരോപിച്ചു. പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനുപകരം ഒറ്റയടിക്ക് പൂർത്തിയാക്കാൻ ആവശ്യമായ തുക കോൺഗ്രസ് വേഗത്തിൽ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സാങ്കേതിക തകരാറിനെ തുടർന്ന് വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. രാജ്യത്തുടനീളമുള്ള വിമാന സർവീസുകളെ ബാധിക്കുന്ന രീതിയിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ താൽക്കാലികമായി വിമാനങ്ങൾ നിലത്തിറക്കാൻ നിർദേശം നൽകുകയായിരുന്നു.
എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറാണ് നടപടിക്ക് കാരണമായത്. അസാധാരണ സാഹചര്യങ്ങളും യാത്രക്കാരുടെ സുരക്ഷയും കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് എഫ്എഎ അറിയിച്ചു. വിമാനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്ന രാജ്യത്തെ 22 പ്രാദേശിക എയർ ട്രാഫിക് കൺട്രോൾ സെന്ററുകളെയും ആശയവിനിമയ തകരാർ ബാധിച്ചതായാണ് റിപ്പോർട്ട്.















