‘ഒറ്റ ആക്രമണത്തിൽ ഇറാന്റെ മുഴുവൻ നേതൃത്വത്തെയും ഇല്ലാതാക്കാം’; ഖമനേയിയുടെ സംസ്കാരച്ചടങ്ങിനിടെ ട്രംപിന്റെ പരാമർശം

വാഷിങ്ടൺ: അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരിക്കുന്ന ഇറാന്റെ മുതിർന്ന നേതാക്കളെ ഒറ്റ ആക്രമണത്തിലൂടെ ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ അങ്ങനെ ചെയ്യില്ലെന്നും ഇറാനുമായി ചർച്ചകൾ തുടരാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“അവരെല്ലാം ഒരിടത്താണ്. ഒറ്റ ആക്രമണം നടത്തിയാൽ എല്ലാവരെയും ഇല്ലാതാക്കാം. പക്ഷേ ഞങ്ങൾ അങ്ങനെ ചെയ്യില്ല. അങ്ങനെ ചെയ്താൽ ചർച്ച നടത്താൻ ആരുമുണ്ടാകില്ല,” എന്നാണ് ട്രംപ് പറഞ്ഞതായി ആക്‌സിയോസ് റിപ്പോർട്ട് ചെയ്തത്.ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ ചില ഇറാൻ പൗരന്മാർ കരയുന്നത് കണ്ടതിൽ താൻ അത്ഭുതപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. “ജനങ്ങൾ ഖമനേയിയെ വെറുക്കുന്നവരാണെന്നാണ് ഞാൻ കരുതിയത്. ഒരുപക്ഷേ അത് വ്യാജ കണ്ണീരായിരിക്കാം,” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി അർമേനിയയിലെ ഇറാൻ എംബസി എക്‌സിൽ (മുൻ ട്വിറ്റർ) രൂക്ഷ വിമർശനവുമായി രംഗത്തെത്തി. “ഇത്തരം കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാകില്ല. കാരണം നിങ്ങൾക്ക് സംസ്കാരമോ ചരിത്രമോ അഭിമാനമോ ഇല്ല,” എന്നായിരുന്നു എംബസിയുടെ പ്രതികരണം.അമേരിക്കയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിലും ട്രംപ് ഇറാനെ പരിഹസിച്ചിരുന്നു. “ഇറാനെ ഞങ്ങൾ കനത്ത തിരിച്ചടി നൽകി. അവർ എത്രയും വേഗം ധാരണയിലെത്താൻ ആഗ്രഹിക്കുന്നു. സംസ്കാരച്ചടങ്ങുകൾ നടത്താൻ ഞങ്ങൾ ഒരാഴ്ചത്തെ സമയം അനുവദിച്ചു. അത് ഞങ്ങളുടെ ഔദാര്യമാണ്,” എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം, ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ ആരംഭിക്കുന്നതിന് മുമ്പ് അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി ഇറാൻ സൈന്യവും രംഗത്തെത്തി.”ഇറാനെതിരെ എന്തെങ്കിലും ആക്രമണമോ ഭീഷണിയോ ഉണ്ടായാൽ നമ്മുടെ സായുധ സേന ശക്തവും കനത്തതുമായ തിരിച്ചടി നൽകും. അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും (ഇസ്രയേൽ) തെറ്റായ കണക്കുകൂട്ടലുകൾ നടത്തരുത്,” ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് കമാൻഡർ അലി അബ്ദുള്ളാഹിയെ ഉദ്ധരിച്ച് ഇറാൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ജൂലൈ 3-ന് ടെഹ്റാനിൽ ആരംഭിച്ച ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ ജൂലൈ 9-ന് ജന്മനാടായ മഷ്ഹദിലെ സംസ്കാരത്തോടെ സമാപിക്കും. ഇതിനിടെ ഖോം നഗരത്തിലും ഇറാഖിലും അനുസ്മരണച്ചടങ്ങുകൾ നടക്കും.

ഇതിനിടെ, ഖമനേയിയുടെ മകനും നിലവിലെ പരമോന്നത നേതാവുമായ മൊജ്തബ ഖമനേയിയുടെ “കൊല്ലേണ്ട ലക്ഷ്യം” എന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് വിശേഷിപ്പിച്ചതിന് പിന്നാലെ, ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ചിയും കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ ജനതയ്‌ക്കോ നേതൃത്വത്തിനോ നേരെയുള്ള ഏത് ഭീഷണിക്കും ഉടനടിയും ശക്തവുമായ മറുപടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സുരക്ഷാ കാരണങ്ങളാൽ മൊജ്തബ ഖമനേയി പിതാവിന്റെ സംസ്കാരച്ചടങ്ങിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ സാധ്യത കുറവാണെന്നും അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നും ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി ആയത്തുല്ല ഹകീം ഇലാഹി ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.

Can take them out with one shot: Trump on Iranian leaders at Khamenei funeral

More Stories from this section

family-dental
witywide