
തലസ്ഥാനത്ത് എസ്.എഫ്.ഐയും പോലീസും തമ്മിലുള്ള വൻ സംഘർഷങ്ങൾക്കും കടുത്ത പോർവിളികൾക്കും പിന്നാലെ അവധിയിൽ പ്രവേശിച്ച കന്റോൺമെന്റ് എസ്.എച്ച്.ഒ സി.ഐ സതീഷ് കുമാറിനെ ആഭ്യന്തരവകുപ്പ് അതിവേഗം തിരികെ വിളിപ്പിച്ചു. അവധി റദ്ദാക്കി ഉച്ചകഴിഞ്ഞ് അദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിച്ചതോടെ താൽക്കാലിക ചുമതലയിലുണ്ടായിരുന്ന ഇൻസ്‌പെക്ടർ മടങ്ങി. എസ്.എച്ച്.ഒ അവധിയിൽ പോയതിലും എസ്.ഐ ഗോകുൽ ഗോപനെ പരിശീലനത്തിന് അയച്ചതിലും കോൺഗ്രസ് പ്രൊഫൈലുകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നും തിരക്കിട്ട നീക്കമുണ്ടായത്.
ഭരണാനുകൂല പോലീസ് സംഘടനയിലെ പ്രമുഖരും ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെ സമീപിച്ച് ഉദ്യോഗസ്ഥരെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹോസ്റ്റൽ സംഘർഷത്തിലും വിവാദമായ ഫേസ്ബുക്ക് പോസ്റ്റിലും സിറ്റി പോലീസ് കമ്മീഷണർ ഇരുവർക്കും താക്കീത് നൽകിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ അവധിയിൽ പ്രവേശിച്ചിരുന്നത്. എന്നാൽ ഉദ്യോഗസ്ഥർക്കെതിരെ പെട്ടെന്ന് നടപടിയെടുക്കുന്നത് സേനയിൽ വലിയ അമർഷമുണ്ടാക്കുമെന്ന വിലയിരുത്തലിൽ തൽക്കാലം ഇരുവരെയും മാറ്റേണ്ടതില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. നിലവിൽ മൂന്ന് ദിവസത്തെ പരിശീലനത്തിലുള്ള എസ്.ഐക്ക് വിവാഹ ആവശ്യങ്ങൾക്കായി ഒരു മാസത്തെ അവധിയും അനുവദിച്ചിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരത്ത് പോലീസിനെതിരായ ഇടത് വിദ്യാർത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം വരുംദിവസങ്ങളിലും ശക്തമാകുമെന്നാണ് സൂചന. പോലീസ് സംഘം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ തോക്കുമായി പരിശോധന നടത്തിയതും കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈ മാസം 10-നകം എസ്.എച്ച്.ഒ, എസ്.ഐ എന്നിവരെ കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നും മാറ്റിയില്ലെങ്കിൽ സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എസ്.എഫ്.ഐ.
Cantonment SHO Satish Kumar Recalled From Leave Amid SFI Standoff; Left Outfits Demand Transfer















