ന്യൂഡൽഹി: ജന്തർമന്തറിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് എസ്എഫ്ഐയും ഡിവൈഎഫ്ഐയും. സമരാവകാശം നിഷേധിക്കുന്ന നടപടികൾക്ക് മുന്നിൽ പിന്നോട്ടില്ലെന്ന നിലപാടുമായാണ് സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ജന്തർമന്തറിനെ ഔദ്യോഗിക പ്രതിഷേധവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടി മറികടന്നാണ് പ്രതിഷേധം ശക്തമാക്കിയത്.
അതേസമയം, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര് മന്തര് ലക്ഷ്യമാക്കി മാര്ച്ചുമായെത്തിയ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ചു. പ്രവർത്തകരെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. എം വി നികേഷ് കുമാർ, എ എ റഹീം അടക്കമുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രാജ്യമെങ്ങും ജന്തർ മന്തറായി മാറിയിരിക്കുകയാണെന്ന് എം വി നികേഷ് കുമാർ പ്രതികരിച്ചു.
എവിടെ പ്രതിഷേധിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ഭരണകൂടമല്ലെന്നും ഞങ്ങൾ എവിടെ പ്രതിഷേധിക്കണമെന്നത് ഞങ്ങളുടെ തീരുമാനമാണെന്നും അവകാശമാണെന്നും എ എ റഹീം പറഞ്ഞു. എവിടെ, എത്രനേരം പ്രതിഷേധിക്കണമെന്ന് ഭരണകൂടം നിശ്ചയിച്ചുതരേണ്ടതല്ല. അങ്ങനെ ഭരണകൂടം തീരുമാനിക്കുന്നിടത്ത് ജനാധിപത്യം മരിച്ചുവെന്നാണ് അർഥം. ഓരോ ഇന്ത്യൻ പൗരനും ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണ് പ്രതിഷേധം. ആ അവകാശത്തിനായി അവസാനശ്വാസംവരെയും പോരാടുമെന്നും റഹീം കൂട്ടിച്ചേർത്തു.
ജന്തർ മന്തറിൽ നിന്ന് പ്രതിഷേധങ്ങൾ രാംലീല മൈതാനം ഉൾപ്പെടെയുള്ള നിശ്ചിത സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ വിവിധ പ്രതിപക്ഷ, വിദ്യാർഥി, യുവജന സംഘടനകൾ രംഗത്തുണ്ട്. നേരത്തെ ജന്തർമന്തറിലേക്ക് പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർച്ചയായ പൊലീസ് നടപടികൾക്കിടയിലും പ്രതിഷേധങ്ങൾ അവസാനിപ്പിക്കില്ലെന്നാണ് സംഘടനകളുടെ നിലപാട്.
SFI and DYFI stage protest at Jantar Mantar; police detain and remove activists.












