കാലടി സർവകലാശാലയ്ക്കും വിസിക്കും കനത്ത പ്രഹരം,16 എസ്എഫ്ഐക്കാരുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി, ആറാഴ്ചയ്ക്കുള്ളിൽ പ്രത്യേക പരീക്ഷ; ആഹ്ളാദം, സമരം അവസാനിച്ചു

കൊച്ചി: വൈസ് ചാൻസലർ ഡോ. സിസ തോമസിനെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് 16 എസ്.എഫ്.ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്ത കാലടി സംസ്കൃത സർവ്വകലാശാലയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. അച്ചടക്ക സമിതി റിപ്പോർട്ട് ഏകപക്ഷീയവും സ്വാഭാവിക നീതിയുടെ നിഷേധവുമാണെന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച്, സസ്പെൻഷനിലായ വിദ്യാർത്ഥികൾക്കായി ആറാഴ്ചയ്ക്കുള്ളിൽ പ്രത്യേക പരീക്ഷ നടത്താനും ഉത്തരവിട്ടു. ക്ഷമിക്കുന്നത് ഒരാളുടെയും മഹത്വം കുറയ്ക്കില്ലെന്നും മറിച്ച് അന്തസ്സ് ഉയർത്തുകയാണ് ചെയ്യുകയെന്നും കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചു.

സ്വാഭാവിക നീതി നിഷേധമുണ്ടായാൽ ഭരണഘടനയുടെ 226-ാം അനുച്ഛേദപ്രകാരം സർവ്വകലാശാലാ തീരുമാനങ്ങളിൽ ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയാണ് അച്ചടക്ക നടപടികളുടെ ഭാഗമായ നാല് ഉത്തരവുകളും റദ്ദാക്കിയത്. എന്താണ് കുറ്റമെന്ന് വിദ്യാർത്ഥികളെ അറിയിക്കാതെയുള്ള നടപടി നീതിനിഷേധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സിൻഡിക്കേറ്റ് നിശ്ചയിച്ച അച്ചടക്ക സമിതി പരിധിവിട്ട് വിദ്യാർത്ഥികളുടെ മുൻകാല പശ്ചാത്തലമടക്കം പരിശോധിച്ചതായും സർവ്വകലാശാല പി.ആർ.ഒയും കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയും നൽകിയ പരാതികൾ വിദ്യാർത്ഥികളിൽ നിന്ന് മറച്ചുവെച്ചതായും കോടതി വിമർശിച്ചു.

പ്രതിഷേധത്തിനിടെ അക്രമമുണ്ടായാൽ നടപടിയെടുക്കാമെങ്കിലും പ്രതിഷേധം പാടില്ലെന്ന് പറയാനാകില്ലെന്ന് കോടതി സർവ്വകലാശാലയെ ഓർമ്മിപ്പിച്ചു. ഒരാളുടെ അഭിപ്രായത്തോട് യോജിക്കുന്നില്ലെങ്കിലും അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന വോൾട്ടയറുടെ തത്വവും കോടതി ഉദ്ധരിച്ചു. വീണ്ടും അച്ചടക്ക സമിതി രൂപീകരിച്ച് അന്വേഷണം നടത്തിയാലും അതിന്റെ പേരിൽ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യരുതെന്നും സസ്പെൻഷൻ കാലയളവായ 84 ദിവസത്തെ ഹാജർ പരിഗണിക്കണമെന്നും ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

84 ദിവസത്തെ സസ്പെൻഷൻ റദ്ദാക്കിയുള്ള വിധി രാവിലെ പത്തരയോടെ എത്തിയതോടെ സർവ്വകലാശാലയ്ക്ക് മുന്നിലെ സമരപ്പന്തലിൽ വിദ്യാർത്ഥികളും എസ്.എഫ്.ഐ, സി.പി.എം നേതാക്കളും ആഹ്ലാദപ്രകടനം നടത്തി. വിധി വന്നതിന് പിന്നാലെ നാരങ്ങാനീര് നൽകി വിദ്യാർത്ഥികളുടെ നിരാഹാര സമരം അവസാനിപ്പിച്ചു. തുടർന്ന് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ പ്രകടനമായി ക്യാമ്പസിലേക്ക് പ്രവേശിച്ചു.

Kerala High Court Quashes Suspension of 16 SFI Students at Kalady Sanskrit University in Blow to VC Ciza Thomas; Orders Special Exams Within Six Weeks

More Stories from this section

family-dental
witywide