
ന്യൂയോർക്ക്: കന്നി ലോകകപ്പിനെത്തിയ കാബോ വെർദെ വീണ്ടുമൊരു അത്ഭുത പ്രകടനവുമായി കായിക ലോകത്തെ ഞെട്ടിച്ചു. ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ യുറഗ്വായ്‌യെ 2-2 എന്ന സ്കോറിനാണ് ആഫ്രിക്കൻ കരുത്തർ സമനിലയിൽ തളച്ചത്. ആദ്യ മത്സരത്തിൽ സ്പെയിനിനെതിരെ ഗോൾരഹിത സമനില പിടിച്ച കാബോ വെർദെ, ലോകകപ്പിലെ തങ്ങളുടെ കന്നി ഗോളും ഈ മത്സരത്തിൽ സ്വന്തമാക്കി.
മത്സരത്തിൻ്റെ 21-ാം മിനിറ്റിൽ 32 മീറ്റർ അകലെ നിന്നുതിർത്ത തകർപ്പൻ ഫ്രീകിക്കിലൂടെ കെവിൻ പീനയാണ് കാബോ വെർദെയെ മുന്നിലെത്തിച്ചത്. എന്നാൽ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ മാക്സി അരാഹോ, അഗസ്റ്റിൻ കനോബിയോ എന്നിവരിലൂടെ രണ്ട് ഗോളുകൾ മടക്കി യുറഗ്വായ് തിരിച്ചടിച്ചു.
രണ്ടാം പകുതിയിൽ പൊരുതിക്കളിച്ച കാബോ വെർദെ 61-ാം മിനിറ്റിൽ പകരക്കാരൻ താരം ഹെലിയോ വരേലയിലൂടെ സമനില ഗോൾ കണ്ടെത്തി. യുറഗ്വായ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്തായിരുന്നു വരേലയുടെ ഗോൾ. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റുമായി ഗ്രൂപ്പിൽ യുറഗ്വായ്‌ക്കൊപ്പം രണ്ടാം സ്ഥാനത്താണ് ഇപ്പോൾ കാബോ വെർദെ.
അവസാന ഗ്രൂപ്പ് മത്സരത്തിൽ കാബോ വെർദെ സൗദി അറേബ്യയെയും യുറഗ്വായ് സ്പെയിനിനെയും നേരിടും.
Cape Verde surprises again in the World Cup; After Spain, they also drew with Uruguay (2-2)















