അമേരിക്കൻ ഗ്രീൻ കാർഡ് മോഹികൾക്ക് തിരിച്ചടി; ‘പബ്ലിക് ചാർജ്’ നിയമങ്ങൾ കടുപ്പിച്ചു, സ്വയംപര്യാപ്തരല്ലെങ്കിൽ പണി കിട്ടും!

വാഷിംഗ്ടൺ: അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിന് അപേക്ഷിക്കുന്ന കുടിയേറ്റക്കാർക്ക് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അപേക്ഷകർ ഭാവിയിൽ യു.എസ് സർക്കാരിൻ്റെ സാമ്പത്തിക ബാധ്യതയായി (Public Charge) മാറാൻ സാധ്യതയുണ്ടോ എന്ന് വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങളാണ് പരിഷ്കരിച്ചത്.

2022-ലെ ബൈഡൻ ഭരണകൂടത്തിൻ്റെ ഇളവുകൾ നിറഞ്ഞ പബ്ലിക് ചാർജ് നിയമങ്ങൾ പൂർണ്ണമായി റദ്ദാക്കിക്കൊണ്ട് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി കഴിഞ്ഞ ജൂലൈയിൽ പ്രഖ്യാപിച്ച അന്തിമ തീരുമാനത്തിൻ്റെ തുടർച്ചയായാണ് ഈ നടപടി. പുതിയ പരിഷ്കാരം ഈ വർഷം സെപ്റ്റംബർ 18 മുതൽ പ്രാബല്യത്തിൽ വരും.

അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാർ നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള സർക്കാർ ആനുകൂല്യങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തരായിരിക്കണം എന്ന യു.എസ് കോൺഗ്രസിൻ്റെ താല്പര്യത്തിന് അനുസൃതമായാണ് ഈ പുതിയ കടുത്ത നിയന്ത്രണമെന്ന് യു.എസ്.സി.ഐ.എസ് വ്യക്തമാക്കി.

ആർക്കൊക്കെ ബാധകം?
കുടുംബം വഴിയുള്ള കുടിയേറ്റക്കാർ, തൊഴിൽ അധിഷ്ഠിത കുടിയേറ്റക്കാർ, നിക്ഷേപകർ, മതമേലധികാരികൾ/ജീവനക്കാർ, ഡൈവേഴ്സിറ്റി വിസ ലഭിച്ചവർ എന്നിവരെല്ലാം പുതിയ നിയമത്തിൻ്റെ പരിധിയിൽ വരും. എന്നാൽ അഭയാർത്ഥികൾ, മനുഷ്യക്കടത്തിന് ഇരയായവർ, വയോലൻസ് എഗെയ്ൻസ്റ്റ് വിമൻ ആക്ട് (VAWA) പ്രകാരം അപേക്ഷിക്കുന്നവർ, സൈനിക വിഭാഗങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകർ എന്നിവരെ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിലയിരുത്തുന്ന ഘടകങ്ങൾ
ഒരു അപേക്ഷകൻ പബ്ലിക് ചാർജ് ആകാൻ സാധ്യതയുണ്ടോ എന്ന് നിർണ്ണയിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അഞ്ച് പ്രധാന ഘടകങ്ങൾ കർശനമായി പരിശോധിക്കും:

  1. അപേക്ഷകന്റെ പ്രായം
  2. ആരോഗ്യം
  3. കുടുംബ പദവി (Family status)
  4. ആസ്തികളും സാമ്പത്തിക ശേഷിയും
  5. വിദ്യാഭ്യാസം, തൊഴിൽ വൈദഗ്ധ്യം

ഇതിനുപുറമെ, കുടിയേറ്റക്കാരനെ സാമ്പത്തികമായി പിന്തുണയ്ക്കാൻ തയ്യാറായി സ്പോൺസർ ഒപ്പിട്ടുനൽകുന്ന Form I-864 (Affidavit of Support) എന്ന രേഖയും ഉദ്യോഗസ്ഥർ പരിശോധിക്കും.

സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റിയവർക്ക് പണി കിട്ടും?

വരുമാന സംരക്ഷണത്തിനായുള്ള പണ സഹായം, ഭവന സഹായം , ഫുഡ് സ്റ്റാമ്പുകൾ, കോളേജ് വിദ്യാഭ്യാസത്തിനായുള്ള സാമ്പത്തിക സഹായം തുടങ്ങിയവ കൈപ്പറ്റിയ ചരിത്രമുണ്ടെങ്കിൽ അത് അപേക്ഷയെ ബാധിക്കും. ഈ വർഷം സെപ്റ്റംബർ 18-ന് മുൻപ് ലഭിച്ച ആനുകൂല്യങ്ങളിൽ പണസഹായവും ദീർഘകാല ഇൻസ്റ്റിറ്റ്യൂഷണൽ പരിചരണവും മാത്രമേ യു.എസ്.സി.ഐ.എസ് കണക്കിലെടുക്കൂ. എന്നാൽ സെപ്റ്റംബർ 18-നോ അതിനു ശേഷമോ ലഭിക്കുന്ന എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും ഏജൻസി കർശനമായി പരിശോധിക്കും.

പബ്ലിക് ചാർജ് ബോണ്ടുകൾ
ഭാവിയിൽ പബ്ലിക് ചാർജ് ആകാൻ സാധ്യതയുണ്ട് എന്ന ഒറ്റ കാരണം കൊണ്ട് അയോഗ്യനാക്കപ്പെടുന്ന അപേക്ഷകർക്ക്, ഒരു ധനകാര്യ ഗ്യാരൻ്റിയായി പബ്ലിക് ചാർജ് ബോണ്ട് സമർപ്പിക്കാൻ യു.എസ്.സി.ഐ.എസ് അവസരം നൽകിയേക്കാം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കുടിയേറ്റക്കാരന് എത്രത്തോളം സർക്കാർ സഹായം ലഭിക്കാൻ സാധ്യതയുണ്ട് എന്ന് കണക്കാക്കിയായിരിക്കും ബോണ്ട് തുക നിശ്ചയിക്കുക. യു.എസ്.സി.ഐ.എസിൻ്റെ ഔദ്യോഗിക ക്ഷണം ലഭിച്ചാൽ മാത്രമേ അപേക്ഷകർക്ക് Form I-945 വഴി ബോണ്ട് സമർപ്പിക്കാൻ സാധിക്കൂ.

ഈ പുതിയ മാർഗ്ഗനിർദ്ദേശം പ്രാബല്യത്തിൽ വരുന്നതോടെ, 1999-ലെ ഇടക്കാല ഗൈഡൻസ് ഉൾപ്പെടെയുള്ള എല്ലാ പഴയ ഇളവുകളും റദ്ദാക്കപ്പെടും. സെപ്റ്റംബർ 18-നോ അതിനുശേഷമോ സമർപ്പിക്കുന്ന എല്ലാ Form I-485 (ഗ്രീൻ കാർഡ് അപേക്ഷകൾ) അപേക്ഷകൾക്കും ഈ കടുത്ത നിയമം ബാധകമായിരിക്കും.

Setback for American green card aspirants; US tightens ‘public charge’ rules, if you are not self-sufficient you will get work!

More Stories from this section

family-dental
witywide