
വാഷിംഗ്ടൺ: ഇറാനും യുഎസ്-ഇസ്രായേൽ സഖ്യവും തമ്മിലുള്ള യുദ്ധം ആഗോളതലത്തിലേക്ക് വ്യാപിക്കുന്നതായി സൂചന. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ പ്രകാരം, ഇറാന് സൈനിക സഹായം നൽകാൻ ചൈനയും റഷ്യയും തയ്യാറെടുക്കുന്നതായാണ് വിവരം. ഇത് മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമാക്കിയേക്കും.
ഇറാനു അത്യാധുനിക ‘എക്സ്-ബാൻഡ്’ റഡാർ സംവിധാനങ്ങൾ നൽകുന്നതിനെക്കുറിച്ച് ചൈന ആലോചിക്കുന്നതായി പെൻ്റഗണിൻ്റെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ഡിഫൻസ് ഇൻ്റലിജൻസ് ഏജൻസി (DIA) വിലയിരുത്തുന്നു. താഴ്ന്നു പറക്കുന്ന ഡ്രോണുകളെയും ക്രൂയിസ് മിസൈലുകളെയും കണ്ടെത്താൻ ഇറാനെ ഈ സാങ്കേതികവിദ്യ സഹായിക്കും. ഡ്രോണുകളെയും മിസൈലുകളെയും കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന ഈ സാങ്കേതികവിദ്യ ഇറാൻ്റെ പ്രതിരോധം ശക്തമാക്കും. കൂടാതെ, തോക്കിൽ ഘടിപ്പിക്കാവുന്ന വിമാനവിരുദ്ധ മിസൈലുകൾ കൈമാറാനും ചൈന നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
മാത്രമല്ല, മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ റഷ്യ ഇറാനുമായി പങ്കുവെച്ചതായി റിപ്പോർട്ടുകളുണ്ട്. യുദ്ധം വെറും പ്രാദേശിക ശത്രുക്കൾ തമ്മിലുള്ളത് എന്നതിലുപരി, ആഗോള ശക്തികൾ കൂടി ഉൾപ്പെടുന്ന ഒന്നായി മാറുന്നതിൽ വാഷിംഗ്ടൺ ആശങ്കാകുലരാണ്. റഷ്യയും ചൈനയും നേരിട്ട് യുദ്ധത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും ഇറാനു നൽകുന്ന ഇത്തരം പിന്തുണകൾ വലിയ വെല്ലുവിളിയാണ്. അമേരിക്കയുടെ സ്വാധീനത്തെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ള റഷ്യ-ചൈന-ഇറാൻ എന്നീ രാജ്യങ്ങളുടെ ഒരു അനൗദ്യോഗിക കൂട്ടുകെട്ടാണ് ഇതിലൂടെ വ്യക്തമാകുന്നത്. ചൈന ഈ റഡാർ സംവിധാനങ്ങൾ കൈമാറിയോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, ഇത്തരം നീക്കങ്ങൾ മേഖലയിലെ സൈനിക സന്തുലിതാവസ്ഥ മാറ്റുമെന്നാണ് യുഎസ് ഉദ്യോഗസ്ഥർ കരുതുന്നത്.
ഇറാന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്ക് മേൽ 50% താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും സമാധാനത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും ചൈന പ്രതികരിച്ചു.
അടുത്ത മാസം ഡോണൾഡ് ട്രംപ് ചൈന സന്ദർശിക്കാനിരിക്കെയാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. ഇറാന് ആയുധം നൽകരുതെന്ന് ആവശ്യപ്പെട്ട് ട്രംപ് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിന് കത്തയച്ചതായും റിപ്പോർട്ടുകളുണ്ട്.
ചൈനയുടെ സൈനിക കരുത്തിനെക്കുറിച്ച് ഡിസംബറിൽ പുറത്തിറക്കിയ പെന്റഗൺ റിപ്പോർട്ട് അനുസരിച്ച്, 2024 വരെ ചൈന ആസ്ഥാനമായുള്ള വാണിജ്യ ഉപഗ്രഹ കമ്പനികൾ ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബിസിനസ് ഇടപാടുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ചൈനീസ് കമ്പനിയായ ‘എർത്ത് ഐ കോ’യിൽ നിന്ന് രഹസ്യമായി വാങ്ങിയ ചാരഉപഗ്രഹം ഉപയോഗിച്ച് ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടതായി ഫിനാൻഷ്യൽ ടൈംസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. ചോർന്ന ഇറാനിയൻ സൈനിക രേഖകളെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്.
ഇസ്രായേലും യുഎസ് സേനയും ഉൾപ്പെട്ട നിലവിലെ സംഘർഷങ്ങൾക്കിടയിൽ ഉൾപ്പെടെ, ചൈന നൽകുന്ന ഉപഗ്രഹ ചിത്രങ്ങൾ ഇറാൻ മുമ്പും ഉപയോഗിച്ചിട്ടുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട രണ്ട് യുഎസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഈ ചിത്രങ്ങൾ നൽകിയത് ‘എർത്ത് ഐ കോ’ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല.
2026-ലെ വാർഷിക ഭീഷണി വിലയിരുത്തൽ (Annual Threat Assessment) റിപ്പോർട്ട് പ്രകാരം, ബഹിരാകാശ മേഖലയിലെ സാങ്കേതിക വികസനത്തിൽ ചൈന മറ്റ് രാജ്യങ്ങളെക്കാൾ ഏറെ മുന്നിലാണെന്ന് മുന്നറിയിപ്പ് നൽകുന്നു. ബഹിരാകാശ രംഗത്ത് അമേരിക്കയുടെ പ്രധാന എതിരാളിയായി റഷ്യയെ മറികടന്ന് ചൈന മാറിയിരിക്കുകയാണ്. തങ്ങളുടെ വിദേശനയ ലക്ഷ്യങ്ങൾ നടപ്പിലാക്കാനും, അമേരിക്കയുടെ സൈനിക-സാങ്കേതിക മേധാവിത്വത്തെ വെല്ലുവിളിക്കാനും ചൈന ബഹിരാകാശ സംവിധാനങ്ങളെ ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സെനറ്റ് ഇൻ്റലിജൻസ് കമ്മിറ്റി വൈസ് ചെയർമാനും ഡെമോക്രാറ്റിക് സെനറ്ററുമായ മാർക്ക് വാർണർ, ഇറാനു പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ ചൈന നൽകിയേക്കുമെന്ന റിപ്പോർട്ടുകളെ “ഗൗരവതരമായത്” എന്നാണ് വിശേഷിപ്പിച്ചത്. “അവർ ഇത് മറച്ചുവെക്കാൻ ശ്രമിക്കുന്നു. ഇത് തങ്ങളുടെ സ്വകാര്യ മേഖലയാണെന്നാണ് ചൈന പറയുന്നത്. എന്നാൽ ചൈനയിൽ യഥാർത്ഥത്തിൽ ഒരു സ്വകാര്യ മേഖലയില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. ചൈനയിലെ ഓരോ കമ്പനിയും കമ്മ്യൂണിസ്റ്റ് പാർട്ടിയോട് വിശ്വസ്തത പുലർത്താൻ ബാധ്യസ്ഥരാണ്,” ഞായറാഴ്ച ‘ഫേസ് ദി നേഷൻ വിത്ത് മാർഗരറ്റ് ബ്രണ്ണൻ’ എന്ന പരിപാടിയിൽ വാർണർ പറഞ്ഞു.
ഇൻ്റലിജൻസ് റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു: “പ്രസിഡൻ്റ് ട്രംപിന് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി വളരെ ശക്തവും നേരിട്ടുള്ളതുമായ ബന്ധമുണ്ട്, അവർ ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. അത്തരമൊരു നീക്കം ഉണ്ടാകില്ലെന്ന് ചൈന ഞങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.”
ഇറാൻ വിഷയത്തിൽ ചൈനയുടെ നിലപാട് സുതാര്യമാണെന്ന് വാഷിംഗ്ടൺ ഡി.സിയിലെ ചൈനീസ് എംബസി വക്താവ് കൂട്ടിച്ചേർത്തു. “ഞങ്ങൾ നിഷ്പക്ഷമായ നിലപാടാണ് സ്വീകരിക്കുന്നത്, സമാധാന ചർച്ചകളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. സംഘർഷങ്ങൾ വർദ്ധിപ്പിക്കുന്ന പ്രവൃത്തികളിൽ ഞങ്ങൾ ഏർപ്പെടാറില്ല,” വക്താവ് ലിയു പെൻഗ്യു പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ഇറാനു ആയുധങ്ങൾ നൽകുന്നു എന്ന മാധ്യമ റിപ്പോർട്ടുകൾ “പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന്” ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. ഇതിൻ്റെ പേരിൽ ട്രംപ് ഭരണകൂടം താരിഫ് ചുമത്തിയാൽ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Challenge for America: China to provide sophisticated weapons to Iran; Russia also helps Iran, Trump threatens 50% tariff.















