വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി സന്ദർശിച്ചു. മന്ത്രിമാരായ എ.പി. അനിൽകുമാർ, ടി. സിദ്ദിഖ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കള്ളാടിയിലെ ദുരന്ത മേഖലയും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ച ശേഷം മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ കാണാനാണ് മുഖ്യമന്ത്രി എത്തിയത്. നിലവിൽ ഏഴുപേരാണ് ഇവിടെ ചികിത്സയിലുള്ളത്. അതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുമ്പോൾ അഞ്ചുപേരെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
ആശുപത്രി സന്ദർശനത്തിന് ശേഷം കൽപ്പറ്റ കളക്ട്രേറ്റിലെത്തി അവലോകന യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി തുടർന്ന് മാധ്യമങ്ങളെ കണ്ടു. പ്രതികൂല കാലാവസ്ഥയും നിർത്താതെ പെയ്യുന്ന മഴയും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇന്ന് രാത്രിയിലും രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രണ്ടു സോണുകളിൽ തിരച്ചിൽ പൂർത്തിയായിട്ടുണ്ടെന്നും മൂന്നാം സോണിലെ തിരച്ചിൽ ഇന്ന് രാത്രിയോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമേ പുഴ കേന്ദ്രീകരിച്ചും പൂർണമായ രീതിയിൽ പരിശോധന നടത്തുന്നതായിരിക്കും.
ദുരന്തത്തിന് വഴിവെച്ച കാരണങ്ങളെക്കുറിച്ച് സാങ്കേതികവും നിയമപരവുമായ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നാളെത്തന്നെ ഇതിനായി പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കും. നിർമാണ വേളയിൽ മാനദണ്ഡങ്ങളും നിബന്ധനകളും കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് സൂക്ഷ്മ പരിശോധന നടത്തും. റിപ്പോർട്ട് ലഭിക്കുന്നതുവരെ നിർമാണ പ്രവർത്തനങ്ങൾ തുടരാൻ അനുമതി നൽകില്ല. പോലീസ് അന്വേഷണവും ഇതിനൊപ്പം നടക്കും. കൂടാതെ, അപകട പ്രദേശത്ത് പ്രത്യേക പഠനം നടത്തുമെന്നും കരാർ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളിൽ കർശന ഉത്തരവാദിത്തം ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് ടൗൺഷിപ്പിൽ മാറ്റിയിട്ടിരിക്കുന്ന മണ്ണ് കൂന അപകട സാധ്യത വർധിപ്പിക്കുന്നതിനാൽ അവ ഉടനടി നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ മണ്ണ് നീക്കാൻ കളക്ടർ നൽകിയ നിർദേശം നടപ്പിലാക്കാതിരുന്ന സംഭവം ഗൗരവമായി പരിശോധിക്കുമെന്നും എന്തുകൊണ്ട് തുടർനടപടികൾ ഉണ്ടായില്ല എന്നത് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രദേശവാസികൾ ഏറെ ആഗ്രഹിച്ച പദ്ധതിയാണെങ്കിലും മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാണ് പ്രഥമ പരിഗണനയെന്നും അത് ഉറപ്പാക്കിയ ശേഷം മാത്രമേ തുരങ്കപാത നിർമാണം തുടരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം കൃത്യമായി ഉറപ്പാക്കുമെന്ന് സർക്കാറിന് വേണ്ടി മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. ജില്ലാ ഭരണകൂടം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കും. ഇത് ഒരു പ്രദേശത്ത് മാത്രം നടന്ന ഒറ്റപ്പെട്ട സംഭവമാണെന്നും ജില്ലയിലാകെ തകർന്നു എന്ന രീതിയിൽ തെറ്റായി ചിത്രീകരിക്കരുതെന്നും അപകടം വളരെ ചെറിയൊരു മേഖലയിൽ മാത്രമാണ് ഒതുങ്ങിനിൽക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Chief Minister VD Satheesan visits Wayanad landslide site and relief camps, announces probe and continued search operations











