സിപിഎം ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, ഓരോ മലയാളിക്കും കാര്യമുണ്ട്, വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ കെ രാഗേഷ്

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് മറുപടിയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സിപിഎം ജില്ലാ സെക്രട്ടറിക്ക് എന്താണ് വിഴിഞ്ഞത്ത് കാര്യം എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന്, ഈ വിഷയത്തിൽ ഓരോ മലയാളിക്കും താല്പര്യമുണ്ടെന്നാണ് അദ്ദേഹം മറുപടി നൽകിയത്. കേരളത്തിന്റെ പൊതുമുതൽ നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമായാണ് താൻ ഈ വിഷയം ഉന്നയിക്കുന്നതെന്നും അത് ജനാധിപത്യബോധത്തിന്റെ താല്പര്യമാണെന്നും രാഗേഷ് വ്യക്തമാക്കി.

ചോദ്യങ്ങൾ ചോദിക്കുമ്പോൾ അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിയോട് തിരികെയും ചോദ്യങ്ങൾ ഉണ്ടാകുമെന്ന് രാഗേഷ് പറഞ്ഞു. വിഴിഞ്ഞത്തോടുള്ള മുഖ്യമന്ത്രിയുടെ അമിത താല്പര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. വാർത്താസമ്മേളനങ്ങളിൽ ചോദ്യങ്ങൾ ഉന്നയിക്കുന്ന മാധ്യമങ്ങളെ വിരട്ടുകയും പരിഹസിക്കുകയും ചെയ്യുന്ന ശൈലി പൊതുപ്രവർത്തകരോട് വേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഓഹരി വിൽപ്പന സംബന്ധിച്ച ചോദ്യങ്ങൾ ഉയരുമ്പോൾ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ശരീരഭാഷയും അദ്ദേഹം പ്രതിരോധത്തിലാണെന്നതിന്റെ സൂചനയാണെന്നും രാഗേഷ് വിമർശിച്ചു.

വിഴിഞ്ഞം വിഷയത്തിൽ നിരവധി സംശയങ്ങൾ ഇപ്പോഴും ബാക്കിനിൽക്കുന്നുണ്ടെന്ന് രാഗേഷ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ധനം, നിയമം, തുറമുഖം വകുപ്പുകൾ ബോധപൂർവ്വം ഏറ്റെടുത്തത് എന്തിനാണെന്നും, ഭരണത്തിലേറും മുൻപ് പ്രത്യേക വിമാനത്തിൽ മംഗലാപുരത്ത് പോയി അദാനി അധികൃതരെ കണ്ടത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറാൻ അദാനി കമ്പനി തീരുമാനിച്ചതും വിഴിഞ്ഞം പോർട്ട് മുൻ എംഡിയെ തിടുക്കപ്പെട്ട് മാറ്റിയതും ദുരൂഹമാണെന്നും ഈ വിഷയങ്ങളിൽ ഇനിയും ചോദ്യങ്ങൾ ഉയരുക തന്നെ ചെയ്യുമെന്നും കെ കെ രാഗേഷ് കൂട്ടിച്ചേർത്തു.

Vizhinjam share transfer: CPI(M) leader K K Ragesh replies to CM V D Satheesan

More Stories from this section

family-dental
witywide