
കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും റെഡ് അലേർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലും ക്വാറി, ഖനന പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടി ഉത്തരവിട്ടു. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണം, മണലെടുപ്പ് എന്നിവയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടർച്ചയായ നാല് ദിവസം ഗ്രീൻ അലേർട്ട് പ്രഖ്യാപിക്കുന്നത് വരെ ഈ വിലക്ക് തുടരുമെന്ന് കലക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. ദുരന്ത നിവാരണ നിയമം 2005-ലെ സെക്ഷൻ 26, 30 എന്നിവ അടിസ്ഥാനമാക്കിയാണ് ഈ നടപടി. കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അപകട സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള എല്ലാ ജലാശയങ്ങളിലേക്കുമുള്ള പൊതുജനങ്ങളുടെ പ്രവേശനവും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. നദികളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങുന്നതും വിനോദസഞ്ചാര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കണമെന്ന് ഭരണകൂടം കർശന നിർദേശം നൽകി. മഴ കനക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കലക്ടർ അഭ്യർത്ഥിച്ചു.
ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയുള്ള സമയങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്കല്ലാത്ത യാത്രകൾ പൂർണ്ണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ദുരന്തസാധ്യത മുൻകൂട്ടി കണ്ട് മലയോര മേഖലകളിൽ യാത്ര ചെയ്യുന്നവരും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ താലൂക്ക് കൺട്രോൾ റൂമുകളിലോ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായോ ബന്ധപ്പെടണമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
Quarrying and mining banned in Kozhikode district due to heavy rain; entry to water bodies restricted












