ഇന്ത്യയുടെ വളർച്ച തടയാൻ ചൈനയുടെ നീക്കം?; പാക്കിസ്ഥാനുമായുള്ള സൈനിക ബന്ധം തന്ത്രത്തിന്റെ ഭാഗമെന്ന് യുഎസ് റിപ്പോർട്ട്

വാഷിങ്ടൺ: ഇന്ത്യയുടെ ആഗോള വളർച്ചയ്ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ ചൈന പാക്കിസ്ഥാനുമായുള്ള സൈനിക സഹകരണം ശക്തമാക്കുകയാണെന്ന് യുഎസ് കോൺഗ്രസ് സമിതിയുടെ റിപ്പോർട്ട്. അതിർത്തിയിലെ സൈനിക സമ്മർദത്തിനൊപ്പം സാമ്പത്തിക നിയന്ത്രണങ്ങളും ഉപയോഗിച്ച് ഇന്ത്യയെ പ്രതിരോധത്തിലാക്കാനാണ് ചൈനയുടെ ശ്രമമെന്ന് 2026ലെ വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ‘ഇന്ത്യയും ഇന്തോ-പസഫിക് മേഖലയിലെ യുഎസ് തന്ത്രത്തിന്റെ ഭാവിയും’ എന്ന തലക്കെട്ടിൽ യുഎസ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലാണ് വിലയിരുത്തൽ.

അമേരിക്കൻ സഖ്യകക്ഷികൾക്ക് പുറത്ത് ചൈനയോട് മത്സരിക്കാൻ ശേഷിയുള്ള ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് സമിതി നിരീക്ഷിക്കുന്നു. ഏഷ്യയിലെ അധികാര സന്തുലിതാവസ്ഥയിൽ നിർണായക പങ്കുവഹിക്കാനും ചൈനയുടെ ഉൽപാദന ശൃംഖലകൾക്ക് ബദലാകാനും ഇന്ത്യയ്ക്ക് ശേഷിയുണ്ട്. ഈ സാധ്യത തിരിച്ചറിഞ്ഞ ചൈന, നിർണായക വ്യാവസായിക അസംസ്കൃത വസ്തുക്കൾ, സാങ്കേതികവിദ്യ, വിദഗ്ധ സേവനങ്ങൾ എന്നിവയിലെ ആധിപത്യം ഉപയോഗിച്ച് ഇന്ത്യയുടെ ഉൽപാദന ശേഷിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.പാക്കിസ്ഥാനുമായുള്ള ചൈനയുടെ സൈനിക പങ്കാളിത്തവും റിപ്പോർട്ടിൽ പ്രത്യേകമായി പരാമർശിക്കുന്നുണ്ട്.

2025 മേയിൽ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിനിടെ നേരിട്ട് യുദ്ധത്തിൽ പങ്കെടുക്കാതെ പാക്കിസ്ഥാനെ സൈനികമായി ശക്തിപ്പെടുത്താൻ ചൈനയ്ക്ക് കഴിഞ്ഞുവെന്നാണ് സമിതിയുടെ വിലയിരുത്തൽ. പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാക്കിസ്ഥാൻ വ്യോമതാവളങ്ങളിൽ ചൈനീസ് വിദഗ്ധർ സാങ്കേതിക സഹായം നൽകിയിരുന്നതായി ചൈന ഈ വർഷം ആദ്യം സമ്മതിച്ചിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ പിന്തുണ ഇന്ത്യയുടെ ഇരട്ട അതിർത്തി സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുന്നതായും സമിതി വിലയിരുത്തുന്നു.ചൈനയുടെ പ്രാദേശിക സ്വാധീനവും സൈനിക സമ്മർദവും നേരിടാൻ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

More Stories from this section

family-dental
witywide