ന്യൂയോർക്ക്: ജെപിമോർഗൻ ചേഡ്സ് ബാങ്കിലെ ഒരു മുതിർന്ന എക്സിക്യൂട്ടിവിനെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണങ്ങൾ ഉന്നയിച്ച മുൻ ബാങ്കർ, ജെഫ്രി എപ്സ്റ്റീൻ ഇരകളെ പ്രതിനിധീകരിച്ച പ്രശസ്ത ന്യൂയോർക്ക് അഭിഭാഷകന്റെ സഹായത്തോടെ നിയമ പോരാട്ടം ശക്തമാക്കി. ഇന്ത്യൻ വംശജനായ മുൻ വാൾ സ്ട്രീറ്റ് അനലിസ്റ്റ് ചിരായു റാണയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇയാളെ പ്രതിനിധീകരിക്കുന്നത് Kaiser, Saurborn & Mair എന്ന നിയമ സ്ഥാപനത്തിലെ ഡാനിയൽ കെയ്സറാണ്. ജെഫ്രി എപ്സ്റ്റീൻ കേസുകളിൽ ഇരകളെ പ്രതിനിധീകരിച്ചിട്ടുള്ള അഭിഭാഷകനാണ് അദ്ദേഹം.
ജെപിമോർഗൻ എക്സിക്യൂട്ടീവ് ഡയറക്ടർ ലോർണ ഹജ്ദിനിക്കെതിരെയാണ് റാണയുടെ ആരോപണം. ഹജ്ദിനി തന്നെ വൈയാഗ്ര നൽകി മയക്കിയെന്നും തുടർന്ന് നിരവധി ലൈംഗിക അതിക്രമങ്ങൾ നടത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾ ജെപിമോർഗനും ഹജ്ദിനിയും ശക്തമായി നിഷേധിച്ചു.കേസിൽ ഹജ്ദിനി മയക്കുമരുന്നും സമ്മർദ്ദവും ഉപയോഗിച്ച് തന്നെ നിയന്ത്രിച്ചതായി റാണ ആരോപിക്കുന്നുണ്ടെങ്കിലും, ബാങ്ക് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഈ വാദങ്ങൾക്ക് പിന്തുണയുള്ള തെളിവുകൾ കണ്ടെത്താനായില്ലെന്ന് ജെപിമോർഗൻ അറിയിച്ചു. റാണ അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചില്ലെന്നും നിർണായക വിവരങ്ങൾ നൽകാൻ വിസമ്മതിച്ചതായും ബാങ്ക് വക്താവ് വ്യക്തമാക്കി. ഹജ്ദിനിയും തന്റെ അഭിഭാഷകരിലൂടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞു.
വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പ്രകാരം, ജെപിമോർഗൻ ഈ തർക്കം തീർക്കുന്നതിനായി റാണയ്ക്ക് ഏകദേശം 10 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ തയ്യാറായിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ച് 2 കോടി ഡോളറിലധികം ആവശ്യപ്പെട്ടതായി പറയുന്നു. റാ ണയുടെ അഭിഭാഷകൻ ഡാനിയൽ കെയ്സർ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞത്, തന്റെ ക്ലയന്റിന് “ജോൺ ഡോ” എന്ന പേരിൽ രഹസ്യമായി കേസ് തുടരാൻ അനുമതി തേടി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ തെളിവുകൾ കേസിൽ ഉൾപ്പെടുത്തുമെന്നും ആണ്.
കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമ്പോൾ വിഷയത്തിൽ കൂടുതൽ വികസനം ഉണ്ടാകുമെന്ന് കെയ്സർ വ്യക്തമാക്കി. ജെപിമോർഗൻ നടത്തിയ ആഭ്യന്തര പരിശോധനയിൽ ഇമെയിലുകളും ജോലി രേഖകളും പരിശോധിച്ചപ്പോൾ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവും കണ്ടെത്താനായില്ലെന്ന് ബാങ്ക് അറിയിച്ചു. കൂടാതെ റാണയും ഹജ്ദിനിയും വ്യത്യസ്ത റിപ്പോർട്ടിംഗ് ലൈൻകളിൽ പ്രവർത്തിച്ചിരുന്നുവെന്നും അതിനാൽ ശമ്പളമോ ജോലി തീരുമാനങ്ങളോ ഹജ്ദിനിയുടെ നിയന്ത്രണത്തിലായിരുന്നില്ലെന്നും ബാങ്ക് വ്യക്തമാക്കി.
അതേസമയം, സഹപ്രവർത്തകർ റാണയെ “സാമൂഹികമായി അസ്വസ്ഥതയുള്ള വ്യക്തി” എന്നാണ് വിശേഷിപ്പിച്ചതെന്നും, ഹജ്ദിനി ഫിനാൻസ് ടീമിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എക്സിക്യൂട്ടീവായി അറിയപ്പെടുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
Chirayu Rana hires lawyer who represented Epstein accusers in lawsuit against JPMorgan executive Lorna Hajdini











