
മോസ്കോ: അമേരിക്കയിലെ റഷ്യൻ അംബാസഡർ അലക്സാണ്ടർ ഡാർചിയേവ് അന്തരിച്ചു. ബുധനാഴ്ചയായിരുന്നു അന്ത്യം. റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.
മരണകാരണം സംബന്ധിച്ച വിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ഡാർചിയേവ് പെട്ടെന്ന് അന്തരിക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക കുറിപ്പിൽ പറയുന്നത്. 2025 മാർച്ച് മുതലാണ് അദ്ദേഹം വാഷിംഗ്ടണിലെ റഷ്യൻ എംബസിയുടെ തലവനായി ചുമതലയേറ്റത്.
മികച്ച നയതന്ത്രജ്ഞനും പരിചയസമ്പന്നനായ നേതാവുമായിരുന്നു അദ്ദേഹമെന്ന് വിദേശകാര്യ മന്ത്രാലയം അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. റഷ്യൻ വിദേശനയത്തിലെ ഏറ്റവും നിർണ്ണായകമായ മേഖലകളിൽ പ്രവർത്തിച്ച സമർത്ഥനായ ഉദ്യോഗസ്ഥനും, അമേരിക്കൻ കാര്യങ്ങളിൽ അഗ്രഗണ്യനുമായിരുന്നു ഡാർചിയേവെന്നും മന്ത്രാലയം അനുസ്മരിച്ചു.
അമേരിക്കയിലെ അംബാസഡറായി നിയമിതനാകുന്നതിന് മുമ്പ് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വടക്കേ അമേരിക്കൻ വിഭാഗം മേധാവിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ 2021 വരെ കാനഡയിലെ റഷ്യൻ അംബാസഡറായും, നേരത്തെ അമേരിക്കയിലെ റഷ്യൻ നയതന്ത്ര കാര്യാലയത്തിലും അദ്ദേഹം സുപ്രധാന പദവികൾ വഹിച്ചിരുന്നു.
Russian Ambassador to the United States Alexander Darchiev has passed away.















