
ന്യൂഡൽഹി: നിരോധനാജ്ഞ നിലവിലുള്ള ജന്തർമന്തർ സമരമേഖലയിൽ അനുമതിയില്ലാതെ പ്രവേശിച്ച കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ അശുതോഷ് രങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരെ ഡൽഹി പൊലീസ് കരുതൽ തടങ്കലിൽ പാർപ്പിച്ചു. ചൊവ്വാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത നേതാക്കളെ ബുധനാഴ്ച മന്ദിർ മാർഗിലുള്ള സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ഒരു ജാമ്യമില്ലാ കുറ്റകൃത്യമോ ക്രമസമാധാന ലംഘനമോ ഉണ്ടാകുന്നത് തടയാൻ വാറണ്ട് ഇല്ലാതെ ഒരാളെ തടങ്കലിൽ വെക്കാൻ പൊലീസിന് അധികാരം നൽകുന്നതാണ് കരുതൽ തടങ്കൽ നിയമം. നിയമപ്രകാരം മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ ഇവരെ 24 മണിക്കൂറിൽ കൂടുതൽ പൊലീസ് കസ്റ്റഡിയിൽ വെക്കാൻ കഴിയില്ല.
അതിക്രമിച്ചു കടക്കൽ, ബോണ്ട് ലംഘനം, പൊതുപ്രവർത്തകന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയാണ് നേതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെന്ന് സി.ജെ.പി അഭിഭാഷക രത്ന സിംഗ് അറിയിച്ചു. ഇവരെ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.
അതേസമയം, പൊലീസിന്റെ ഭാഗത്തുനിന്ന് കടുത്ത നിയമലംഘനങ്ങൾ ഉണ്ടായതായി അഭിഭാഷക ആരോപിച്ചു. വൈകിട്ട് ഏറെ വൈകും വരെ വക്കീലന്മാരെ കാണാൻ നേതാക്കളെ അനുവദിച്ചില്ലെന്നും, പുലർച്ചെ 3 മണിക്ക് ഒരു സ്വകാര്യ വാനിലാണ് ഇവരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചതെന്നും രത്ന സിംഗ് എക്സിൽ കുറിച്ചു. പൊലീസിന്റെ നിയമവിരുദ്ധ നടപടികൾക്കിടയിലും നേതാക്കളുടെ മനോവീര്യം തകർന്നിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
CJP leaders, including Saurav Das and Ashutosh Rankay, taken into preventive custody after entering Jantar Mantar in violation of the ban.













