
മുംബൈ: ചീഫ് ഇലക്ഷൻ കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് പ്രമുഖ ബോളിവുഡ് നടനും സൂപ്പർസ്റ്റാർ ആമിർ ഖാന്റെ അനന്തരവനുമായ ഇമ്രാൻ ഖാനോട് ഒക്ടോബർ 28-നകം ഇന്ത്യ വിട്ടുപോകാൻ അധികൃതർ ആവശ്യപ്പെട്ടു. വിദേശ പൗരനായ ഇമ്രാൻ ഖാൻ ഇന്ത്യയിൽ രാഷ്ട്രീയ പ്രക്ഷോഭത്തിൽ പങ്കെടുത്തത് ഇമിഗ്രേഷൻ നിയമങ്ങളുടെ (ഫോറിനേഴ്സ് ആക്ട്) ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് മുംബൈ പൊലീസിന്റെ നടപടി.
ഒക്ടോബർ 10-ന് മുംബൈയിലെ അഗസ്ത ക്രാന്തി മൈതാനത്ത് ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിലാണ് ഇമ്രാൻ ഖാൻ പങ്കെടുത്തത്. അദ്ദേഹത്തോടൊപ്പം പങ്കാളി ലേഖ വാഷിംഗ്ടൺ, കസിൻ സെയ്ൻ മേരി ഖാൻ എന്നിവരും ഉണ്ടായിരുന്നു. പ്രകടനത്തിനിടെ മൂവരെയും മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
യു.എസ് പൗരത്വമുള്ള ഇമ്രാൻ ഖാൻ വിദേശിയായിരിക്കെ ഇന്ത്യയിൽ രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുക്കുന്നതിനെതിരെ ബിജെപി നേതാവും മുൻ എംപിയുമായ കിരിത് സോമയ്യ രംഗത്തെത്തിയിരുന്നു. ഇമ്രാൻ ഖാന്റെ പൗരത്വം പരിശോധിച്ച് അദ്ദേഹത്തെ ഉടൻ നാടുകടത്തണമെന്ന് സോമയ്യ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. തനിക്ക് യുഎസ് പൗരത്വമാണുള്ളതെന്നും ഇന്ത്യൻ പാസ്പോർട്ടിനായി ശ്രമിക്കുകയാണെന്നും 2011-ൽ ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നെങ്കിലും, പിന്നീട് അദ്ദേഹം ഇന്ത്യൻ പൗരത്വം നേടിയതായി സ്ഥിരീകരണമില്ല.
എന്നാൽ താൻ ഒരു രാഷ്ട്രീയ സംഘടനയുടെയും പ്രതിനിധിയായല്ല, മറിച്ച് ഈ നഗരത്തിലെ ഒരു സാധാരണ താമസക്കാരൻ എന്ന നിലയിലാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നാണ് ഇമ്രാൻ ഖാൻ മാധ്യമങ്ങളോട് പറഞ്ഞത്. പൊലീസ് വാനിൽ നിന്നുള്ള ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘ജാനേ തൂ യാ ജാനേ നാ’യിലെ കഥാപാത്രത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ആരാധകർ അദ്ദേഹത്തെ യഥാർത്ഥ “രൺജോർ കാ റാത്തോഡ്” എന്ന് വിശേഷിപ്പിച്ചു.
വോട്ടർപട്ടിക പുതുക്കുന്നതിലെ ക്രമക്കേടുകൾക്കെതിരെ മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയുടെ നേതൃത്വത്തിലാണ് മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരം അഗസ്ത ക്രാന്തി മൈതാനം പ്രതിഷേധ വേദിയല്ലാത്തതിനാലാണ് ക്രമസമാധാന പാലനത്തിനായി സമരക്കാരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. മുൻപും നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി സമരങ്ങൾക്ക് ഇമ്രാൻ ഖാൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. തനിക്ക് ലഭിച്ച നാടുകടത്തൽ നോട്ടീസിനോട് താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Mumbai Police direct actor Imran Khan, who participated in a CJP protest, to leave India














