ജന്തർ മന്തറിനെ സമരവേദിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സിജെപി; ‘രാജ്യം മുഴുവൻ ജന്തർ മന്തറാകും, സമരവേദിയല്ല സർക്കാരിന് പ്രതിഷേധ സ്വരത്തെയാണ് ഭയം’

ജന്തർ മന്ദിറിനെ ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഡൽഹി പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) രംഗത്തെത്തി. ജനങ്ങളുടെ മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതയുടെ ഭാഗമായാണ് ഈ തീരുമാനമെന്നും സി.ജെ.പി കൺവീനർ അഭിജീത് ദീപ്കെയും കോ-കൺവീനർ സൗരവ് ദാസും ആരോപിച്ചു. ആരോടും യാതൊരുവിധ മുൻകൂർ കൂടിയാലോചനകളും നടത്താതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈക്കൊണ്ട ഈ ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്നും, ജന്തർ മന്ദിറിനെ ഒഴിവാക്കിയ പ്രധാമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ ജനാധിപത്യത്തെത്തന്നെ ഇല്ലാതാക്കുമെന്നും നേതാക്കൾ എക്സ് പ്ലാറ്റ്‌ഫോമിലൂടെ തുറന്നടിച്ചു.

പതിറ്റാണ്ടുകളായി രാജ്യതലസ്ഥാനത്തെ പ്രമുഖ സമരകേന്ദ്രമായിരുന്ന ജന്തർ മന്ദിറിനെ ഒഴിവാക്കി മൂന്ന് പുതിയ കേന്ദ്രങ്ങളാണ് ഡൽഹി പോലീസ് പ്രക്ഷോഭങ്ങൾക്കായി അനുവദിച്ചിരിക്കുന്നത്. രാംലീല മൈതാൻ, ബുരാരി ഗ്രൗണ്ട്, ഈസ്റ്റ് ഡൽഹിയിലെ സി.ബി.ഡി (CBD) ഗ്രൗണ്ട് എന്നിവയാണ് പുതുതായി അനുവദിച്ച സമരവേദികൾ. പ്രതിഷേധങ്ങൾ തടസ്സമില്ലാതെ നടത്താൻ ബദൽ വേദികൾ പരിഗണിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശവും കേന്ദ്ര ആഭ്യന്തര മന്ത്രാലയ സമിതിയുടെ ശുപാർശയും പരിഗണിച്ചാണ് പോലീസ് നടപടി. ഇതിനായി 2022 ഏപ്രിൽ 28-ലെ മുൻ ഉത്തരവ് പോലീസ് ഭാഗികമായി ഭേദഗതി ചെയ്യുകയായിരുന്നു.

പാർലമെന്റും പ്രധാന സർക്കാർ ഓഫീസുകളും സ്ഥിതി ചെയ്യുന്ന മേഖലയിൽ നിന്നും സമരവേദികൾ മാറ്റുന്നത് പ്രതിപക്ഷ പ്രക്ഷോഭങ്ങളെയും ജനകീയ ശബ്ദങ്ങളെയും നിശബ്ദമാക്കാനുള്ള ഭരണകൂട തന്ത്രമാണെന്ന് ആരോപണമുണ്ട്. ജന്തർ മന്ദിർ ഇന്ത്യയിലെ ജനങ്ങളുടെ സ്വത്താണെന്നും സർക്കാരിന്റെ പ്രശ്നം സമരവേദിയല്ല മറിച്ച് ജനങ്ങളുടെ പ്രതിഷേധ സ്വരമാണെന്നും സൗരവ് ദാസ് വ്യക്തമാക്കി. വേദി മാറ്റിക്കൊണ്ട് ജനകീയ പ്രക്ഷോഭങ്ങളെ തടയാനാകില്ലെന്നും വരും ദിവസങ്ങളിൽ രാജ്യം മുഴുവൻ ജന്തർ മന്ദിറായി മാറി പ്രതിഷേധങ്ങൾ കൂടുതൽ കനക്കുമെന്നും സി.ജെ.പി നേതൃത്വം മുന്നറിയിപ്പ് നൽകി.

CJP Slams Removal of Jantar Mantar as Official Protest Site; Terming Move an Attack on Democracy

More Stories from this section

family-dental
witywide