ഇറാന് റഷ്യയും ചൈനയും രഹസ്യവിവരങ്ങൾ കൈമാറുന്നതിനെ നിസ്സാരവൽക്കരിച്ച് ട്രംപ്; യുദ്ധം താൻ ആഗ്രഹിക്കുമ്പോൾ അവസാനിക്കുമെന്ന് പ്രഖ്യാപനം

ഫ്ലോറിഡ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക വിജയം കൈവരിക്കുമെന്നും, താൻ ആഗ്രഹിക്കുന്ന നിമിഷം ആ യുദ്ധം അവസാനിക്കുമെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. താങ്ക്സ്ഗിവിംഗ് ദിനത്തോടനുബന്ധിച്ച് യു.എസ് സൈനികരുമായി ഫോണിൽ സംസാരിച്ച ശേഷം ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വിജയം അമേരിക്കയുടെ കൈപ്പിടിയിലാണെന്നും എന്നാൽ വിവേകത്തോടെ പ്രവർത്തിക്കാൻ ഇറാൻ ഭരണകൂടത്തിന് താൻ അവസരം നൽകുകയാണെന്നും ട്രംപ് വ്യക്തമാക്കി.

ഒരു കരാറിലെത്താനും നിരവധി ജീവനുകൾ രക്ഷിക്കാനും ഇറാന് എല്ലാ അവസരങ്ങളും നൽകുന്നുണ്ടെന്നും, എന്നാൽ അവർ അത് പ്രയോജനപ്പെടുത്തുമോ എന്ന് ഉറപ്പില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ഞായറാഴ്ച ഇറാന്റെ ചർച്ചാ പ്രതിനിധികളെ “പ്രൊഫഷണൽ ടാപ്പ് ഡാൻസർമാർ” (വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നവർ) എന്ന് വിശേഷിപ്പിച്ച ട്രംപ്, സമാധാന കരാറിന് സമ്മതിക്കാൻ അവർക്ക് പുതുവത്സരം വരെ സമയം നൽകുമെന്ന തന്റെ മുൻ നിലപാട് ആവർത്തിക്കുകയും ചെയ്തു.

അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിടാൻ റഷ്യയും ചൈനയും ഇറാന് രഹസ്യവിവരങ്ങൾ കൈമാറുന്നുണ്ടെന്ന റിപ്പോർട്ടുകളെ ട്രംപ് നിസ്സാരവൽക്കരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി അടുത്തിടെ നടത്തിയ ത്രികക്ഷി കൂടിക്കാഴ്ചയിൽ ഇറാൻ സംഘർഷം ചർച്ചയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനയ്ക്ക് ഇറാനുമായി വളരെ ചെറിയ ബന്ധം മാത്രമാണുള്ളതെന്നും, ചെറിയ വിവരങ്ങൾ കൈമാറുന്നതിനപ്പുറം നേരിട്ടുള്ള സൈനിക ഇടപെടലുകളൊന്നും അവർ നടത്തുന്നില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കയും സമാനമായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും, അവർ നമ്മളെ ചാരപ്പണി ചെയ്യുന്നുണ്ടെന്ന് പറയുമ്പോൾ തിരിച്ച് അമേരിക്കയും അവരെ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ ഇറാന് വലിയ തോതിലുള്ള രഹസ്യവിവരങ്ങളൊന്നും നൽകുന്നുണ്ടെന്ന് താൻ കരുതുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനുമായുള്ള സംഘർഷം അവസാനിക്കണമെന്നാണ് റഷ്യയും ചൈനയും ആഗ്രഹിക്കുന്നതെന്നും, ആ കാര്യത്തിൽ അവർ തന്നെ സഹായിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, ഇറാൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ പശ്ചിമേഷ്യയിലെ യു.എസ് സൈനിക നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ റഷ്യ ഇറാന് കൈമാറുന്നുണ്ടെന്ന് ഒരു മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർ സി.ബി.എസ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു

Also Read

More Stories from this section

family-dental
witywide