ഡേർട്ടി ബോംബടക്കം അടക്കം സുരക്ഷാ ഭീഷണികൾ വർദ്ധിക്കുന്നു; വാഷിംഗ്ടണിലെ സൈനിക താവളങ്ങളിലേക്ക് താമസം മാറ്റി ട്രംപ് മന്ത്രിസഭയിലെ പ്രമുഖർ

വാഷിംഗ്ടൺ: ആഭ്യന്തര രാഷ്ട്രീയ അക്രമങ്ങളും ഇറാൻ ഉൾപ്പെടെയുള്ള വിദേശ ശക്തികളിൽ നിന്നുള്ള വധഭീഷണികളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മന്ത്രിസഭയിലെ അര ഡസനോളം പ്രമുഖർ വാഷിംഗ്ടൺ ഡിസിയിലെ അതീവ സുരക്ഷയുള്ള സൈനിക താവളങ്ങളിലേക്ക് താമസം മാറ്റി. മുൻകാലങ്ങളിൽ സിവിലിയൻ ഉദ്യോഗസ്ഥർ സൈനിക ക്വാർട്ടേഴ്സുകളിൽ താമസിക്കുന്നത് അപൂർവ്വമായിരുന്നുവെങ്കിലും, നിലവിലെ സാഹചര്യത്തിൽ സുരക്ഷിതത്വം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥർ സൈനിക കോമ്പൗണ്ടുകളെയാണ് ആശ്രയിക്കുന്നത്.

വാഷിംഗ്ടണിൽ രാസായുധമോ ‘ഡേർട്ടി ബോംബോ’ ഉപയോഗിച്ച് ട്രംപ് ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യമിടാൻ ഇറാൻ പദ്ധതിയിടുന്നതായി ഈ മാസം സി.എൻ.എൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങൾക്ക് നേതൃത്വം നൽകുന്ന ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഇറാനിയൻ വധഭീഷണികളെ തുടർന്ന് ജോർജ്ടൗണിലെ തന്റെ വസതിയിൽ നിന്ന് സൈനിക താവളത്തിലേക്ക് മാറിയ ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ്. അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചും സുരക്ഷാ കാരണങ്ങളാൽ അടുത്തിടെ സൈനിക താവളത്തിലേക്ക് താമസം മാറിയിട്ടുണ്ട്.

യാഥാസ്ഥിതിക ആക്ടിവിസ്റ്റ് ചാർളി കിർക്കിന്റെ കൊലപാതകത്തിന് പിന്നാലെ രാജ്യത്ത് രാഷ്ട്രീയ അക്രമങ്ങൾ വർദ്ധിച്ചതും പലരെയും മാറിചിന്തിപ്പിച്ചു. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലറും ഭാര്യ കാറ്റിയും തങ്ങളുടെ വിർജീനിയയിലെ വീടിന് പുറത്ത് പ്രതിഷേധങ്ങൾ നടക്കുകയും മേൽവിലാസം പരസ്യപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ വർഷം സൈനിക ഭവനത്തിലേക്ക് മാറിയിരുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരും ഫോർട്ട് മക്നെയർ സൈനിക താവളത്തിലെ ‘ജനറൽസ് റോ’ എന്നറിയപ്പെടുന്ന വസതികളിലാണ് താമസിക്കുന്നത്.

എന്നാൽ, ഭരണാധികാരികൾ സാധാരണ ജനങ്ങൾക്കിടയിൽ നിന്ന് അകന്ന് മതിൽക്കെട്ടുകൾക്കുള്ളിൽ ഒതുങ്ങുന്നത് ജനാധിപത്യ പാരമ്പര്യത്തിന് തിരിച്ചടിയാണെന്ന് അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ തോമസ് കാൻ അഭിപ്രായപ്പെട്ടു. സൈനികർക്കായി നീക്കിവെച്ചിട്ടുള്ള വീടുകളിൽ രാഷ്ട്രീയ നിയമനം ലഭിച്ചവർ താമസിക്കുന്നതിനെതിരെയും, അവർ നൽകുന്ന വാടകയെക്കുറിച്ചും അന്വേഷണം വേണമെന്ന് ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഈ വസന്തകാലത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി പെന്റഗണിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

2008-ൽ കോൺഗ്രസ് പാസാക്കിയ നിയമഭേദഗതി പ്രകാരം, സിവിലിയൻ ഉദ്യോഗസ്ഥർക്ക് ഫോർ-സ്റ്റാർ ജനറൽമാർ നൽകുന്ന വാടകയേക്കാൾ അഞ്ച് ശതമാനം മാത്രം അധികം നൽകി സൈനിക ഭവനങ്ങളിൽ താമസിക്കാൻ അനുമതിയുണ്ട്. ഇതിൻ പ്രകാരം പ്രതിമാസം 4,500 ഡോളറിലധികമാണ് ഇവർ വാടകയായി നൽകുന്നത്. സ്വകാര്യ വസതികളിൽ 24 മണിക്കൂറും സുരക്ഷയൊരുക്കുന്നതിനേക്കാൾ നികുതിദായകരുടെ പണം ലാഭിക്കാൻ സൈനിക താവളങ്ങളിലെ താമസം സഹായിക്കുമെന്നാണ് പെന്റഗണിന്റെ വാദം. എങ്കിലും, പീറ്റ് ഹെഗ്‌സെത്തിന്റെ വസതിയുടെ അറ്റകുറ്റപ്പണികൾക്കായി സൈന്യം 1,37,297 ഡോളർ ചെലവഴിക്കാൻ ഒരുങ്ങിയത് കഴിഞ്ഞ വർഷം വലിയ വിവാദമായിരുന്നു.

More Stories from this section

family-dental
witywide