കൂടെയുണ്ട് എന്ന് പ്രസിഡന്‍റ്! ഇറാഖിലെ എണ്ണക്കടത്ത് തടയാനും ആയുധങ്ങൾ സർക്കാർ നിയന്ത്രണത്തിലാക്കാനുമുള്ള നീക്കങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇറാഖിൽ അനധികൃത എണ്ണക്കടത്ത് തടയാനും രാജ്യത്തെ എല്ലാ ആയുധങ്ങളും സർക്കാരിന്‍റെ പൂർണ്ണ നിയന്ത്രണത്തിലാക്കാനുമുള്ള ഇറാഖ് പ്രധാനമന്ത്രി അലി അൽ-സൈദിയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്വാധീനമുള്ള ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ ഇറാഖ് അധികൃതർ നടപടികൾ ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം. ഇറാഖിലുടനീളം ഭരണകൂടത്തിന്റെ അധികാരം ഉറപ്പിക്കാനും അഴിമതി അവസാനിപ്പിക്കാനും സ്വന്തമായി രാഷ്ട്രീയ തീരുമാനങ്ങളെടുക്കാൻ കഴിയുന്ന ശക്തവും ഏകീകൃതവുമായ ഒരു ഇറാഖ് കെട്ടിപ്പടുക്കാനുമുള്ള പ്രധാനമന്ത്രിയുടെ നീക്കങ്ങൾക്കൊപ്പമാണ് അമേരിക്കയെന്ന് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

എണ്ണക്കടത്ത് തടയുന്നതിന്റെ ഭാഗമായി സിറിയയുമായും ഇറാനുമായും അതിർത്തി പങ്കിടുന്ന കുർദിഷ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള രണ്ട് അതിർത്തി കവാടങ്ങളും നിരവധി എണ്ണപ്പാടങ്ങളും ഫെഡറൽ സർക്കാരിന്റെ നിയന്ത്രണത്തിലാക്കാൻ നീങ്ങുന്നതായി പ്രധാനമന്ത്രി അൽ-സൈദി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ നീക്കം ഭരണഘടനാ ലംഘനമാണെന്ന് ആരോപിച്ച് കുർദിഷ് പ്രാദേശിക ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. ഇറാഖിലെ കിർകുക്ക്, സുലൈമാനിയ എന്നിവിടങ്ങളിൽ നിന്ന് ടാങ്കർ ലോറികളിൽ അസംസ്കൃത എണ്ണ ഇറാനിലേക്ക് കടത്തുന്നതായും, അവിടെവെച്ച് ഇറാനിയൻ എണ്ണയുമായി കലർത്തി അഫ്ഗാനിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുന്നതായും രഹസ്യാന്വേഷണ രേഖകളെ ഉദ്ധരിച്ച് ഇറാഖ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.എൻ.എ റിപ്പോർട്ട് ചെയ്തു.

ഇറാഖിലെ ശക്തമായ ഇറാൻ അനുകൂല സായുധ സംഘടനയായ ‘കത്താഇബ് ഹിസ്ബുള്ള’യുടെ സഹായത്തോടെ ഇറാഖ് സമ്പദ്‌വ്യവസ്ഥയെ ഉപയോഗിച്ച് അമേരിക്കൻ ഉപരോധങ്ങളെ മറികടക്കാൻ ഇറാൻ ശ്രമിക്കുന്നതായി യു.എസ് നേരത്തെ ആരോപിച്ചിരുന്നു. ഇറാനുമായി അതിർത്തി പങ്കിടുന്ന വടക്കൻ കുർദിസ്ഥാൻ മേഖല വഴിയുള്ള അനധികൃത എണ്ണക്കടത്ത് മൂലം രാജ്യത്തിന് ഏകദേശം 100 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായി ഇറാഖ് അധികൃതർ വെള്ളിയാഴ്ച വ്യക്തമാക്കി.

More Stories from this section

family-dental
witywide