‘തിരികെ വരൂ, നമുക്ക് ഇന്ത്യയെ കെട്ടിപ്പടുക്കാം’; യുഎസിലെ ഇന്ത്യൻ ടെക്കികളോട് ശ്രീധർ വെമ്പു

അമേരിക്കയിൽ ഗ്രീൻ കാർഡ് നടപടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെ, യുഎസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി രാജ്യത്തിന്റെ വളർച്ചയിൽ പങ്കാളികളാകണമെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. ടിസിഎസ്, വിപ്രോ ഉൾപ്പെടെയുള്ള പ്രമുഖ ഇന്ത്യൻ ഐടി കമ്പനികളെ അമേരിക്കയുടെ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) പദ്ധതിയിൽനിന്ന് സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ആഹ്വാനം. തൊഴിലുടമയുടെ പിന്തുണയോടെ ഗ്രീൻ കാർഡ് നേടുന്നതിനുള്ള പ്രധാന ഘട്ടമാണ് ഈ പദ്ധതി.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും സാങ്കേതിക മേഖലയ്ക്കും ഇന്ത്യക്കാർ നൽകിയ സംഭാവനകളെ വെമ്പു എക്സിലെ കുറിപ്പിൽ അനുസ്മരിച്ചു. അമേരിക്കയുടെ സാങ്കേതിക മികവിന് ഇന്ത്യക്കാർ വലിയ സംഭാവന നൽകിയിട്ടുണ്ട്. എന്നിട്ടും അമേരിക്കയിലെ വലിയൊരു വിഭാഗം ഇപ്പോൾ നമ്മളെ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം കുറിച്ചു. ധീരമായൊരു പുതിയ ഭാവിയുടെ പിറവിക്കായുള്ള വേദനകളായി ഇതിനെ കാണാം. തിരികെ വരൂ, നമുക്ക് ഇന്ത്യയെ കെട്ടിപ്പടുക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അമേരിക്കയിൽ വിസയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ നേരിടുന്ന പ്രതിസന്ധിയിലും വെമ്പു ആശങ്ക പ്രകടിപ്പിച്ചു. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് കെട്ടിപ്പടുത്ത ജീവിതം ഉപേക്ഷിച്ച് മടങ്ങേണ്ടിവരുന്നത് അവർക്ക് വേദനാജനകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വളർച്ചയ്ക്കായി പ്രവർത്തിക്കാൻ അമേരിക്കയിൽ ജോലി ചെയ്യുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ശരിയായ സമയമായിരിക്കാം ഇതെന്നും വെമ്പു അഭിപ്രായപ്പെട്ടു.

വ്യാഴാഴ്ചയാണ് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ് ഉൾപ്പെടെ എട്ട് കമ്പനികളുടെ ഗ്രീൻ കാർഡ് അപേക്ഷാ നടപടികൾ ട്രംപ് ഭരണകൂടം മരവിപ്പിച്ചത്. ഒമ്പത് പ്രമുഖ സർവകലാശാലകൾക്കെതിരെയും അന്വേഷണം ആരംഭിച്ചു. വിസാ തട്ടിപ്പും അമേരിക്കൻ തൊഴിലവസരങ്ങളുടെ നഷ്ടവും തടയാനാണ് നടപടിയെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. വിദഗ്ധ തൊഴിലാളികൾക്കായുള്ള കുടിയേറ്റ പദ്ധതികൾക്കെതിരായ ഇതുവരെയുള്ള ഏറ്റവും വിപുലമായ നടപടിയാണിത്.

അമേരിക്കയിൽ സ്ഥിരതാമസാനുമതി നേടാനുള്ള പതിവ് മാർഗം ഇന്ത്യക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശ ടെക് ജീവനക്കാർക്ക് ഇതോടെ തടസ്സപ്പെട്ടേക്കാം. രാജ്യത്തെ പ്രമുഖ ഗവേഷണ സർവകലാശാലകൾക്കും നടപടി തിരിച്ചടിയായേക്കും. കോഗ്നിസന്റ്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ്, മൈക്രോസോഫ്റ്റ്, അഡോബി, ക്യാപ്ജെമിനി എന്നീ കമ്പനികൾക്കാണ് സസ്പെൻഷൻ ബാധകമാകുന്നതെന്ന് തൊഴിൽ സെക്രട്ടറി കീത്ത് സോണ്ടർലിങ് അറിയിച്ചു.

നിലവിൽ എച്ച്-1ബി വിസയിലുള്ളവരെ നേരിട്ട് ബാധിക്കുന്നതല്ല ഈ നടപടിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിദേശ തൊഴിലാളികളെ താൽക്കാലികമായി നിയമിക്കാൻ കമ്പനികൾക്ക് അനുമതി നൽകുന്നതാണ് എച്ച്-1ബി വിസ. എന്നാൽ, ഇവർക്ക് പിന്നീട് തൊഴിലുടമയുടെ പിന്തുണയോടെ ഗ്രീൻ കാർഡ് നേടി സ്ഥിരതാമസാനുമതി ലഭിക്കുന്നതിനുള്ള പ്രധാന മാർഗം തടസ്സപ്പെടാൻ സാധ്യതയുണ്ട്.

‘Come back, let’s build India’: Sridhar Vembu urges Indian techies to return after US Green Card freeze

More Stories from this section

family-dental
witywide