
കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭാംഗങ്ങളുടെ എണ്ണം 850 സീറ്റുകളായി ഉയർത്താനുള്ള നീക്കം ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയെ മാറ്റിമറിക്കാനും അധികാരം നിലനിർത്താനുമുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണെന്ന് അദ്ദേഹം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ജനാധിപത്യത്തിന്റെ അടിത്തറ തന്നെ തകർക്കുന്ന ഈ നടപടി ഇന്ത്യയെ ഏകാധിപത്യ രാജ്യമാക്കാനുള്ള നീക്കമാണെന്നും, ഇത് നടപ്പായാൽ അടുത്ത 40 വർഷത്തേക്ക് സാമൂഹിക നീതി എന്നത് മറക്കേണ്ടി വരുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ‘850’ എന്ന സംഖ്യ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അത് ഓർമ്മയിൽ സൂക്ഷിക്കണമെന്നും അദ്ദേഹം യുവവോട്ടർമാരോട് അഭ്യർത്ഥിച്ചു.
മണ്ഡല പുനർനിർണയം നടപ്പിലാക്കുന്നതിനുള്ള മറയായി സ്ത്രീ സംവരണത്തെ ഉപയോഗിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. 33 ശതമാനം സ്ത്രീ സംവരണം ഇതിനകം പാർലമെന്റ് പാസാക്കിയതാണെന്നും, നിലവിലുള്ള ലോക്സഭാ അംഗസംഖ്യയിൽ തന്നെ അത് നടപ്പിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡല പുനർനിർണയ ബിൽ നിയമമായാൽ ബിജെപിക്ക് അവരുടെ തിരഞ്ഞെടുപ്പ് താല്പര്യങ്ങൾക്കനുസൃതമായി രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിയെഴുതാൻ അവസരമൊരുങ്ങുമെന്ന് അദ്ദേഹം ആരോപിച്ചു. അസം, ബിഹാർ, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ മണ്ഡല പുനർനിർണയ നടപടികൾ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമർശനം.
തിരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട ‘വോട്ട് കൊള്ള’ ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ പരാമർശങ്ങൾ. 2024-ൽ നടത്തിയത് വ്യാജ വോട്ട് വിജയമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പേരുകേട്ട കുറ്റവാളിയാണെന്നും അദ്ദേഹം ആരോപിച്ചു. മോദിയെയും അമിത് ഷായെയും ഗ്യാനേഷ് കുമാറിനെയും പ്രതിപക്ഷം വെട്ടിലാക്കിയിരിക്കുകയാണെന്നും അവർക്കും ഇക്കാര്യം അറിയാമെന്നും രാഹുൽ പറഞ്ഞു.
അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനും തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്താമെന്ന ധാരണയുടെ കാലം കഴിഞ്ഞെന്നും ഇപ്പോൾ ക്രമക്കേടുകൾ രാജ്യത്തെ ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. തങ്ങളുടെ സർവേ പ്രകാരം രാജ്യത്തെ 80 ശതമാനം ജനങ്ങളും 18-നും 29-നും ഇടയിൽ പ്രായമുള്ള ജെൻ-സീ വിഭാഗമാണെന്നും, ഇവരെല്ലാവരും മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തുന്നുവെന്ന് വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു. ഈ പ്രതിരോധത്തിൽ നിന്നാണ് ബിജെപി പുതിയ പദ്ധതിയായ മണ്ഡല പുനർനിർണയ ബില്ലുമായി രംഗത്തെത്തിയിരിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Delimitation Bill a Political Strategy to Seize Power; Rahul Gandhi Launches Scathing Attack on BJP














