
അനിൽ മറ്റത്തിക്കുന്നേൽ
ഓസ്റ്റിൻ: ലോകത്തെ വൈദ്യുത വാഹന വിപണിയിൽ ഏറെ ശ്രദ്ധ നേടിയ ടെസ്ലയുടെ സൈബർട്രക്കിന്റെ ഉൽപ്പാദനം 2027 മധ്യത്തോടെ ടെക്സസിലെ ഗിഗാഫാക്ടറിയിൽ അവസാനിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് കമ്പനി സിഇഒ ഇലോൺ മസ്ക് പ്രഖ്യാപിച്ചു. ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന പുതിയ സൈബർകാബിന്റെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനാണ് ഈ നിർണായക തീരുമാനം.
നവംബർ അഞ്ചിന് രാത്രി എക്സിലൂടെയാണ് മസ്ക് പ്രഖ്യാപനം നടത്തിയത്. ടെക്സസിലെ ഗിഗാഫാക്ടറിയിൽ സൈബർട്രക്കിന്റെ ഉൽപ്പാദനം അടുത്ത വർഷം മധ്യത്തോടെ ഘട്ടംഘട്ടമായി അവസാനിപ്പിച്ച് സൈബർകാബിന്റെ ഉൽപ്പാദനത്തിനായി കൂടുതൽ സൗകര്യമൊരുക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
2019-ൽ ആദ്യമായി അവതരിപ്പിച്ച സൈബർട്രക്ക്, നിരവധി കാലതാമസങ്ങൾക്കുശേഷം 2023 അവസാനത്തോടെയാണ് ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങിയത്. സ്റ്റെയിൻലെസ് സ്റ്റീൽ ബോഡി, വ്യത്യസ്തമായ രൂപകൽപ്പന, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയിലൂടെ ലോകശ്രദ്ധ നേടിയ വാഹനമായിരുന്നു ഇത്.
എന്നാൽ വിപണിയിൽ പ്രതീക്ഷിച്ച വിജയം നേടാൻ സൈബർട്രക്കിന് സാധിച്ചില്ല. പ്രതിവർഷം രണ്ടരലക്ഷം വാഹനങ്ങൾ വിൽക്കാനാകുമെന്നായിരുന്നു മസ്കിന്റെ ആദ്യകാല പ്രതീക്ഷ. എന്നാൽ 2024-ൽ അമേരിക്കയിൽ ഏകദേശം 38,965 സൈബർട്രക്കുകൾ വിറ്റപ്പോൾ 2025-ൽ വിൽപ്പന 20,237 ആയി കുറഞ്ഞു. ഏകദേശം 48 ശതമാനത്തിന്റെ ഇടിവാണിത്.
ഉയർന്ന വില, അസാധാരണമായ രൂപകൽപ്പന, ഗുണനിലവാരവുമായി ബന്ധപ്പെട്ട പരാതികൾ, സുരക്ഷാപ്രശ്നങ്ങളെ തുടർന്നുണ്ടായ തിരിച്ചുവിളിക്കലുകൾ എന്നിവ വാഹനത്തിന്റെ വിപണനത്തെ പ്രതികൂലമായി ബാധിച്ചു.
അതേസമയം, ടെസ്ലയുടെ ഭാവി പദ്ധതികളിൽ കൂടുതൽ പ്രാധാന്യം നേടുന്നത് സൈബർകാബാണ്. സ്റ്റിയറിംഗ് വീലും പെഡലുകളും ഇല്ലാതെ സ്വയം പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന രണ്ടുപേർക്ക് യാത്ര ചെയ്യാവുന്ന റോബോടാക്സിയാണ് സൈബർകാബ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സ്വയംനിയന്ത്രിത വാഹന സാങ്കേതികവിദ്യയുടെയും സഹായത്തോടെ ഗതാഗതരംഗത്ത് വലിയ മാറ്റം കൊണ്ടുവരാനാണ് ടെസ്ല ലക്ഷ്യമിടുന്നത്.
സൈബർട്രക്കിന്റെ ഉൽപ്പാദനം മറ്റൊരു ഫാക്ടറിയിലേക്ക് മാറ്റുമോ, അതോ മോഡൽ പൂർണമായും വിപണിയിൽനിന്ന് പിൻവലിക്കുമോ എന്ന കാര്യത്തിൽ മസ്ക് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഒരു കാലത്ത് ടെസ്ലയുടെ ഏറ്റവും ശ്രദ്ധേയമായ ഭാവി വാഹനമായി അവതരിപ്പിച്ച സൈബർട്രക്കിൽനിന്ന് സ്വയംനിയന്ത്രിത വാഹനങ്ങളിലേക്കുള്ള കമ്പനിയുടെ മുൻഗണനാമാറ്റമാണ് പുതിയ പ്രഖ്യാപനം സൂചിപ്പിക്കുന്നത്.
വൈദ്യുത വാഹന നിർമാണക്കമ്പനി എന്ന നിലയിൽനിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഡ്രൈവറില്ലാത്ത ഗതാഗത സംവിധാനങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സാങ്കേതിക സ്ഥാപനമായി ടെസ്ലയെ മാറ്റാനുള്ള ഇലോൺ മസ്കിന്റെ ദീർഘകാല പദ്ധതിയിലെ പ്രധാന ചുവടുവയ്പ്പായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
Tesla set to end Cybertruck production; Elon Musk makes a crucial announcement to pave the way for the Cybercab.














