
താലിൻ (എസ്റ്റോണിയ): യുക്രെയ്ന് നൽകാനായി ഉദ്ദേശിച്ച 769 കോടി രൂപയുടെ (70 ദശലക്ഷം യൂറോ) വെടിയുണ്ട ഇടപാടിലെ ക്രമക്കേടുകളെത്തുടർന്ന് എസ്റ്റോണിയൻ പ്രതിരോധ മന്ത്രി ഹന്നോ പെവ്കൂർ രാജി വെച്ചു. മുൻപ് പീരങ്കി ഉണ്ടകൾ വിറ്റ യാതൊരു പരിചയവുമില്ലാത്ത, ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിക്ക് കരാർ നൽകിയതാണ് വൻ വിവാദമായത്.
2022 മുതൽ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന ഹന്നോ പെവ്കൂർ, എസ്റ്റോണിയൻ നാഷണൽ ഓഡിറ്റ് ഓഫീസ് പുറത്തുവിട്ട ഗുരുതരമായ കണ്ടെത്തലുകളെ തുടർന്നാണ് തൻ്റെ രാജി പ്രഖ്യാപിച്ചത്. 2024-ലാണ് വിവാദപരമായ ഈ കരാറിൽ ഒപ്പുവെച്ചത്.
“എസ്റ്റോണിയയുടെ സുരക്ഷ ഒരു വ്യക്തിയുടെ മാത്രം ഉത്തരവാദിത്തമല്ല, അത് നമ്മൾ എല്ലാവരുടെയും സംയുക്ത ബാധ്യതയാണ്. അതുകൊണ്ടാണ് പ്രതിരോധ മേഖലയിലെ പൂർണ്ണ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് രാജിവെക്കാൻ തീരുമാനിച്ചത്. അനുയോജ്യമായ സമയത്ത് പ്രധാനമന്ത്രിക്കും പുതിയ മന്ത്രിക്കും ചുമതല കൈമാറും,” രാജി പ്രഖ്യാപിച്ചുകൊണ്ട് പെവ്കൂർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
സൈനിക ആവശ്യത്തിനുള്ള ആയുധങ്ങൾ വിതരണം ചെയ്ത് മുൻപരിചയമില്ലാത്ത കമ്പനിക്ക് ഇത്രയും വലിയ തുകയുടെ ആയുധ കരാർ നൽകിയത് വലിയ സുരക്ഷാ വീഴ്ചയും അഴിമതിയുമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. വിഷയത്തിൽ സമഗ്രമായ അന്വേഷണം തുടരുകയാണ്.
Corruption allegations: Estonian Defense Minister resigns; Rs 769 crore arms deal with Indian company backfires












