ഓപ്പറേഷൻ തൂഫാനിൽ കാസര്‍കോട് എംഡിഎംഎ കേസില്‍ പിടികൂടിയ പ്രതികളുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്. മുഖ്യമന്ത്രി വി ഡി സതീശനുമായി അടുപ്പമുണ്ടെന്ന സൂചനകളുള്ള മുഹമ്മദ് ഹുസൈന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളില്‍ നിന്നായി ഏഴ് ഫോണുകളാണ് പിടിച്ചെടുത്തത്. ഫോറന്‍സിക് പരിശോധനക്ക് അയക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കേണ്ടതുണ്ട്.
എന്നാൽ, ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. പ്രതികളിൽ നിന്ന് ഒരു ഐ ഫോണ്‍, മൂന്ന് ആന്‍ഡ്രോയിഡ് ഫോണ്‍, മൂന്ന് കീപാഡ് ഫോണ്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇതില്‍ അഞ്ച് ഫോണുകളാണ് അന്വേഷണസംഘത്തിന്റെ കൈവശമുള്ളത്. രണ്ട് ഫോണുകള്‍ ഓഗസ്റ്റ് 29ന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
അതേസമയം പൊലീസ് കേസിലെ പ്രതി മുഹമ്മദ് ഹുസൈന്റെ സിഡിആറിലെ വിവരങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുന്നുണ്ട്. പ്രതികളുടെ വാട്‌സ്ആപ്പ് ചാറ്റുകളും നിര്‍ണായകമാകും. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പ്രതിയുടെ സിഡിആര്‍ പരിശോധനയിലേക്ക് കൂടി പൊലീസ് കടന്നത്. ഇതുവരെ കേസില്‍ ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു നൈജീരിയന്‍ സ്വദേശി അടക്കം കേരളത്തിന് പുറത്തുള്ള മൂന്ന് പേരും ഇതില്‍ ഉള്‍പ്പെടുന്നു.
Operation Toofan: Phones of the accused in the Kasaragod case were not sent for forensic examination; the Chief Minister’s claim is incorrect.















