രാജ്യവ്യാപകമായി സൈബർ ആക്രമണം നടക്കുന്നുവെന്ന ആശങ്കയിൽ അമേരിക്കക്കാർ അവശ്യസാധനങ്ങൾ വൻതോതിൽ വാങ്ങിക്കൂട്ടുന്നു. ബാങ്കിങ് സേവനങ്ങൾ, വിമാന സർവീസുകൾ, പ്രമുഖ ടെക് കമ്പനികളുടെ സംവിധാനങ്ങൾ എന്നിവ തുടർച്ചയായി തടസ്സപ്പെട്ടതോടെയാണ് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പടർന്നത്. സാങ്കേതിക തകരാറുകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്ന ഭീതിയിൽ ഭക്ഷണസാധനങ്ങളും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുള്ള വസ്തുക്കളും ശേഖരിക്കുകയാണ് പലരും.
മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക് സേവനങ്ങളിലുണ്ടായ തടസ്സത്തോടെയാണ് കഴിഞ്ഞ ആഴ്ച സാങ്കേതിക പ്രശ്നങ്ങൾ ആരംഭിച്ചത്. പിന്നാലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ തകരാറിനെത്തുടർന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ രാജ്യവ്യാപകമായി വിമാനങ്ങൾ നിലത്തിറക്കാൻ നിർദേശിച്ചു. ചേസ് ഉൾപ്പെടെയുള്ള പ്രമുഖ ബാങ്കുകളുടെ സേവനങ്ങൾക്കും യുണൈറ്റഡ് എയർലൈൻസിന്റെ സാങ്കേതിക സംവിധാനങ്ങൾക്കും ആപ്പിൾ സേവനങ്ങൾക്കും തടസ്സം നേരിട്ടു. സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നതിന് സ്ഥിരീകരണമില്ലെങ്കിലും തുടർച്ചയായ തകരാറുകൾ ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചു.
ഭീതിയുടെ പ്രതിഫലനം കോസ്റ്റ്കോ ഉൾപ്പെടെയുള്ള പ്രമുഖ റീട്ടെയ്ൽ ശൃംഖലകളുടെ വിൽപനയിലും പ്രകടമായി. അരി, ടിന്നിലടച്ച ഭക്ഷണങ്ങൾ, കുപ്പിവെള്ളം, പേപ്പർ ഉൽപ്പന്നങ്ങൾ, ജനറേറ്ററുകൾ, ബാറ്ററികൾ തുടങ്ങിയവയുടെ വിൽപനയിൽ വലിയ വർധനവുണ്ടായതായി കോസ്റ്റ്കോ അറിയിച്ചു. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളും അഭ്യൂഹങ്ങളുമാണ് അസാധാരണമായ ഈ വാങ്ങിക്കൂട്ടലിന് കാരണമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
അതേസമയം, സാങ്കേതിക തടസ്സങ്ങൾക്ക് പിന്നിൽ സൈബർ ആക്രമണമാണെന്ന വാദം ട്രംപ് ഭരണകൂടം തള്ളി. വിവിധ സംഭവങ്ങൾ തമ്മിൽ ബന്ധമില്ലെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. വിദേശരാജ്യത്തിന്റെ ആസൂത്രിത ആക്രമണമല്ല ഇതിന് പിന്നിലെന്നാണ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജേ ക്ലേട്ടനും അറിയിച്ചത്. എന്നാൽ തുടർച്ചയായ സാങ്കേതിക തടസ്സങ്ങൾ സൃഷ്ടിച്ച ആശങ്കയിൽ നിന്ന് അമേരിക്കൻ ജനത ഇതുവരെ മുക്തരായിട്ടില്ല.















