
ധാക്ക: നിരോധിക്കപ്പെട്ട അവാമി ലീഗ് ആഹ്വാനം ചെയ്ത രാജ്യവ്യാപക ലോക്ക്ഡൗണിന് മുന്നോടിയായി ബംഗ്ലദേശിൽ വ്യാപകമായ അക്രമസംഭവങ്ങളും രാഷ്ട്രീയ ഏറ്റുമുട്ടലുകളും പൊട്ടിപ്പുറപ്പെട്ടു. വിവിധ ജില്ലകളിലുണ്ടായ സംഘർഷങ്ങളിൽ നാല് പേർ കൊല്ലപ്പെടുകയും മുൻ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ കുടുംബവീടിന് അജ്ഞാതർ തീയിടുകയും ചെയ്തു. തലസ്ഥാനമായ ധാക്കയിൽ കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടയിലും പുലർച്ചെ നിരവധി ബോംബ് സ്ഫോടനങ്ങളുണ്ടായി.
ചിറ്റഗോങ്ങിലെ പാഞ്ച്ലൈഷ് മേഖലയിലുള്ള മുഹമ്മദ് യൂനുസിന്റെ പൂർവ്വിക വീടിനാണ് ബുധനാഴ്ച രാത്രി 11:30-ഓടെ അജ്ഞാത സംഘം തീയിട്ടത്. വീടിന്റെ താഴത്തെ നിലയിലുള്ള മുറിയിലേക്ക് തീപിടിക്കുന്ന വസ്തുക്കൾ എറിയുകയായിരുന്നു. ഇതിന് പിന്നാലെ യൂനുസ് സ്ഥാപിച്ച ഗ്രാമീൺ ബാങ്കിന്റെ സിൽഹെറ്റ്, രാജ്ഷാഹി, ബാരിഷാൽ, ഫരീദ്പൂർ എന്നിവിടങ്ങളിലെ നിരവധി ശാഖകൾക്ക് നേരെയും തീവയ്പ്പും ആക്രമണവും ഉണ്ടായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളിലാണ് നാല് പേർക്ക് ജീവൻ നഷ്ടമായത്. പടിഞ്ഞാറൻ നരൈൽ ജില്ലയിൽ ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ റാലിക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പ്രാദേശിക നേതാക്കൾ കൊല്ലപ്പെട്ടു. ഫരീദ്പൂരിലും പിരോജ്പൂരിലുമുണ്ടായ മറ്റ് ആക്രമണങ്ങളിൽ ഒരു ബിഎൻപി നേതാവും ഒരു ഗതാഗത തൊഴിലാളിയും മരിച്ചു. വ്യാഴാഴ്ച പുലർച്ചെ ധാക്കയിലെ വിവിധയിടങ്ങളിലുണ്ടായ നാടൻ ബോംബ് സ്ഫോടനങ്ങളിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മറുഭാഗത്ത്, ധാക്കയിലെ രണ്ട് അവാമി ലീഗ് നേതാക്കളുടെ വീടുകൾക്ക് നേരെയും തീവയ്പ്പുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പ്രത്യേക ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചും, ഡിസംബറിൽ അവർ ബംഗ്ലദേശിലേക്ക് മടങ്ങിവരാൻ പദ്ധതിയിടുന്നതിന് മുന്നോടിയായുമാണ് അവാമി ലീഗ് ഒരാഴ്ച നീളുന്ന പ്രതിഷേധ പരിപാടികൾക്കും വ്യാഴാഴ്ചത്തെ ലോക്ക്ഡൗണിനും ആഹ്വാനം ചെയ്തത്. ഷെയ്ഖ് ഹസീനയുടെ പാസ്പോർട്ട് അപേക്ഷ സർക്കാർ നിരസിച്ചതും പ്രതിഷേധം രൂക്ഷമാകാൻ കാരണമായി.
ലോക്ക്ഡൗൺ കണക്കിലെടുത്ത് രാജ്യവ്യാപകമായി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ധാക്കയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുൻ വിദ്യാഭ്യാസ മന്ത്രി നൂറുൽ ഇസ്ലാം നാഹിദ് ഉൾപ്പെടെ 565 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷെയ്ഖ് ഹസീനയുടെ ജന്മസ്ഥലമായ ഗോപാൽഗഞ്ച് ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ അർദ്ധസൈനിക വിഭാഗമായ ബോർഡർ ഗാർഡ് ബംഗ്ലാദേശിനെ വിന്യസിച്ചു. അക്രമികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് മുന്നറിയിപ്പ് നൽകി.
Muhammad Yunus’s family home set on fire, 4 killed in bomb blasts; widespread attacks in Bangladesh ahead of Hasina’s return














