
അമേരിക്കയിലെ പ്രമുഖ കമ്പനികളുടെയും വിമാന സർവീസുകളുടെയും ബാങ്കിങ് മേഖലയുടെയും പ്രവർത്തനങ്ങളെ ബാധിച്ച സാങ്കേതിക തകരാറുകൾക്ക് അവസാനമാകുന്നില്ല. ഏറ്റവും ഒടുവിൽ യുഎസ് ഇന്റലിജൻസ് ഏജൻസിയായ നാഷനൽ സെക്യൂരിറ്റി ഏജൻസിയുടെ (എൻഎസ്എ) ആഭ്യന്തര നെറ്റ്വർക്കിലും തടസ്സം നേരിട്ടു. ചൊവ്വാഴ്ച രാത്രിയുണ്ടായ സംഭവം ആശങ്കയുയർത്തിയെങ്കിലും രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളില്ലെന്നാണ് എൻഎസ്എയുടെ വിശദീകരണം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യുഎസ് ഐടി മേഖലയുമായി ബന്ധപ്പെട്ട് ആറ് പ്രധാന സാങ്കേതിക തടസ്സങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
പതിവ് അറ്റകുറ്റപ്പണിക്കിടെയുണ്ടായ നെറ്റ്വർക്ക് തകരാറാണെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും എൻഎസ്എ അറിയിച്ചു. ആവർത്തിച്ചുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ ആശങ്കാജനകമാണെങ്കിലും ഇവ തമ്മിൽ ബന്ധമില്ലെന്നും സൈബർ ആക്രമണത്തിന് തെളിവുകളില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ സെനറ്റർ ജോഷ് ഹോളി ഉൾപ്പെടെയുള്ളവർ സംഭവങ്ങളിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങൾ അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങൾക്ക് വെല്ലുവിളിയാകുന്നുവെന്നും ചില സെനറ്റർമാർ ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി.
അമേരിക്കയ്ക്ക് പുറമെ നോർവീജിയൻ എണ്ണക്കമ്പനിയായ ഇക്വിനോറിനു നേരെയും സൈബർ ആക്രമണം റിപ്പോർട്ട് ചെയ്തു.അതിനിടെ, സൂം, എച്ച്എസ്ബിസി, സിഎൻഎൻ, ക്രോക്സ് ഇന്ത്യ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ഉൾപ്പെടെ 178 വെബ്സൈറ്റുകളിൽ സൈബർ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതായും റിപ്പോർട്ടുണ്ട്. വെബ്സൈറ്റുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്ന ‘ഒപ്റ്റിമൈസ്ലി’ പ്ലാറ്റ്ഫോമിലൂടെയാണ് അപകടകരമായ കമ്പ്യൂട്ടർ കോഡുകൾ കടത്തിവിട്ടത്. ഈ വെബ്സൈറ്റുകൾ സന്ദർശിക്കുന്നവരുടെ ഐഫോണുകളിൽ മാൽവെയർ എത്തിക്കാനും ക്രിപ്റ്റോകറൻസി തട്ടിപ്പ് നടത്താനുമായിരുന്നു ശ്രമം.
ക്രിപ്റ്റോകറൻസി ഇടപാടുകൾക്കായി പണം അയയ്ക്കേണ്ട വാലറ്റ് വിലാസത്തിന് പകരം ഹാക്കർമാരുടെ വിലാസം ഉൾപ്പെടുത്തുകയായിരുന്നു പ്രധാന തട്ടിപ്പ് രീതി. ഇതിന് പുറമെ ഉപയോക്താക്കളുടെ പേയ്മെന്റ് കാർഡ് വിവരങ്ങൾ ചോർത്താനും ശ്രമമുണ്ടായി. സംഭവത്തെത്തുടർന്ന് സുരക്ഷാ നടപടികൾ സ്വീകരിച്ചതായും തകരാർ പരിഹരിച്ചതായും ഒപ്റ്റിമൈസ്ലി അറിയിച്ചു.














