
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ചൈനീസ് സന്ദർശനത്തിനിടെ ലോകശ്രദ്ധയാകർഷിച്ച് റഷ്യയുടെ രഹസ്യ ‘ആണവ ബ്രീഫ്കേസ്’. ഔദ്യോഗിക ചടങ്ങുകൾക്കിടെ പുടിന് തൊട്ടുപിന്നാലെ രണ്ട് റഷ്യൻ നാവികസേനാ ഉദ്യോഗസ്ഥർ പ്രത്യേക ബ്രീഫ്കേസുമായി നീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. റഷ്യയുടെ ആണവ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനത്തിന്റെ ഭാഗമായ ‘ചെഗെത്’ ആണിതെന്നാണ് റിപ്പോർട്ടുകൾ. പ്രസിഡന്റിന് രാജ്യത്തെ ഉന്നത സൈനിക നേതൃത്വവുമായി അതീവ സുരക്ഷിതമായി ആശയവിനിമയം നടത്താനുള്ള സംവിധാനമാണിത്.
ചെഗെത് ഉപയോഗിച്ച് നേരിട്ട് ആണവായുധങ്ങൾ വിക്ഷേപിക്കാനാകില്ല. പകരം, ആണവായുധങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈമാറാനും സൈനിക കമാൻഡർമാരുമായി ബന്ധപ്പെടാനും സഹായിക്കുന്ന വിപുലമായ സംവിധാനത്തിന്റെ ഭാഗമാണിത്. റഷ്യയുടെ കര അധിഷ്ഠിത മിസൈലുകൾ, ആണവ അന്തർവാഹിനികൾ, തന്ത്രപ്രധാന ബോംബർ വിമാനങ്ങൾ എന്നിവ ഉൾപ്പെടുന്ന ആണവ സേനയുടെ നിയന്ത്രണ സംവിധാനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. പുടിൻ വിദേശയാത്രകൾ നടത്തുമ്പോൾ പ്രത്യേക ചുമതലയുള്ള സൈനിക ഉദ്യോഗസ്ഥരാണ് ബ്രീഫ്കേസ് കൈവശം വയ്ക്കുന്നത്.
റഷ്യയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് പുടിന്റെ സന്ദർശനം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങൾക്കും ആഗോള വിഷയങ്ങൾക്കും പുറമെ ഊർജം, വ്യാപാരം, അടിസ്ഥാനസൗകര്യ വികസനം, സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണവും ചർച്ചയായി. ചൈനയിലേക്കുള്ള റഷ്യൻ പ്രകൃതിവാതക വിതരണം വിപുലീകരിക്കാൻ ലക്ഷ്യമിടുന്ന ‘പവർ ഓഫ് സൈബീരിയ 2’ പൈപ്പ്ലൈൻ പദ്ധതിയും ചർച്ചകളിൽ പ്രധാന വിഷയമായി. ഇരുരാജ്യങ്ങളും സ്വന്തം കറൻസികളിലുള്ള വ്യാപാര ഇടപാടുകൾ വർധിപ്പിക്കാനും സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും ലക്ഷ്യമിടുന്നു.














