
ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രമായ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രശസ്ത നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ, അദ്ദേഹത്തിന്റെ പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെ പ്രതികളാക്കിയാണ് ആയിരത്തോളം പേജുകളുള്ള വിശദമായ കുറ്റപത്രം കോടതിയിൽ നൽകിയിരിക്കുന്നത്. വൻ സാമ്പത്തിക ലാഭം നേടിയ സിനിമയുടെ പേരിൽ നടന്ന വഞ്ചനയെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) അന്വേഷണം പൂർത്തിയാക്കിയത്.
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിർമ്മാണത്തിനായി ഏഴു കോടി രൂപ മുടക്കിയാൽ ലാഭത്തിന്റെ 40 ശതമാനം നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ പണം കൈപ്പറ്റിയെന്നാണ് കേസ്. എന്നാൽ സിനിമ റിലീസ് ചെയ്ത് വൻ വിജയം നേടിയിട്ടും ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ തങ്ങളെ വഞ്ചിച്ചുവെന്ന് കാണിച്ച് അരൂർ സ്വദേശിയായ സിറാജ് വലിയവീട്ടിൽ ഹമീദാണ് പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവർക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
പ്രതികൾക്കെതിരെ വിശ്വാസവഞ്ചന, ചതി, ഗൂഢാലോചന, ഒന്നിൽ കൂടുതൽ ആളുകൾ ഒത്തുചേർന്ന് തട്ടിപ്പ് നടത്തൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. സിനിമയുടെ ആഗോള കളക്ഷനും നിർമ്മാണച്ചെലവും കൃത്യമായി വിശകലനം ചെയ്ത ശേഷമാണ് സാമ്പത്തിക ക്രമക്കേട് ബോധ്യപ്പെട്ട അന്വേഷണസംഘം കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. കേസ് വരുംദിവസങ്ങളിൽ കോടതി വിശദമായി പരിഗണിക്കും.
Crime Branch submits chargesheet in Manjummel Boys cheating case against Soubin Shahir and others











