
സൂറിച്ച്: തങ്ങളുടെ പ്രമുഖ മത്സരങ്ങളുടെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ പദ്ധതിയുമായി ഫിഫ മുന്നോട്ട് പോകുന്നു. എന്നാൽ തങ്ങൾ ഫുട്ബോളിനെ വിൽക്കുകയല്ലെന്നും, അത്തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും ഫിഫ വ്യക്തമാക്കി.
ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ മുന്നോട്ട് വെച്ച ഈ നിർദ്ദേശത്തിനെതിരെ ആഗോള ഫുട്ബോൾ രംഗത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതി നടപ്പിലാക്കിയാൽ ലോകകപ്പ് മത്സരങ്ങൾ പൂർണ്ണമായി ബഹിഷ്‌കരിക്കുമെന്ന് യൂറോപ്യൻ ഫുട്ബോൾ നിയന്ത്രണ സമിതിയായ ‘യുവേഫ’ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതിന് പിന്നാലെ വടക്കേ-മധ്യ അമേരിക്കൻ രാജ്യങ്ങളുടെ സമിതിയായ ‘കോൺകകാഫും’ തങ്ങളുടെ 41 അംഗങ്ങളും ഈ നിർദ്ദേശത്തെ ഒറ്റക്കെട്ടായി നിരസിച്ചതായി പ്രഖ്യാപിച്ചു.
ആകെ 211 അംഗങ്ങളുള്ള ഫിഫയിൽ ഈ നിക്ഷേപ പദ്ധതി പാസാകാൻ 106 വോട്ടുകൾ ആവശ്യമാണ്. എന്നാൽ പദ്ധതിയെ ശക്തമായി എതിർക്കുന്ന യുവേഫയ്ക്കും കോൺകകാഫിനും മാത്രമായി 96 വോട്ടുകളുണ്ട്. ഇത് ഇൻഫാൻ്റിനോയ്ക്ക് വലിയ തിരിച്ചടിയാണ്.
അതേസമയം, മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകി ചർച്ചകൾ തടസ്സപ്പെടുത്തിയെന്നാണ് ഫിഫയുടെ ഔദ്യോഗിക വിശദീകരണം. പൊതുജനങ്ങളുടെ ആശങ്കകളെ മാനിക്കുന്നുവെന്നും, എല്ലാ അംഗങ്ങൾക്കും കൃത്യമായ വസ്തുതകൾ മനസ്സിലാക്കി വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കുമെന്നും ഫിഫ പ്രസ്താവനയിലൂടെ അറിയിച്ചു. “ആരും ഫുട്ബോൾ വിൽക്കുന്നില്ല. ഫിഫ ഒരിക്കലും അത്തരമൊരു കാര്യം ചിന്തിക്കുക പോലുമില്ല,” എന്നും ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.
FIFA moves ahead with controversial investment plan; Gianni Infantino says “nobody is selling football”














