വ്യാജ രേഖ ചമച്ച് അഭയം തേടാൻ സഹായിച്ചു; യുഎസിൽ ഇന്ത്യൻ വംശജനായ അഭിഭാഷകന് 4 കോടി രൂപ പിഴ

വാഷിംഗ്ടൺ: യുഎസിൽ ഇന്ത്യൻ വംശജരായ ആളുകൾക്ക് രാഷ്ട്രീയ അഭയം ലഭിക്കുന്നതിനായി വ്യാജരേഖകൾ ചമച്ച ഇമിഗ്രേഷൻ അഭിഭാഷകനെതിരെ കടുത്ത നടപടിയുമായി യുഎസ് ഭരണകൂടം. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സുരാജ് രാജ് സിങ് എന്ന അഭിഭാഷകനെതിരെയാണ് 470,000 ഡോളർ (ഏകദേശം 4 കോടി രൂപ) സിവിൽ പിഴ ചുമത്താൻ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് നീക്കം ആരംഭിച്ചത്. വ്യാജ അഭയരേഖകൾ നൽകുന്നതിനെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ നീക്കം.

സുരാജ് രാജ് സിങ് സമർപ്പിച്ച 118 അപേക്ഷകളിലെ വിവരങ്ങളും പീഡന കഥകളും ഒരേപോലെയുള്ളതായിരുന്നു എന്ന് യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് നിയമപ്രകാരം ചുമത്താവുന്ന പരമാവധി പിഴയായ 470,584 ഡോളർ ഈടാക്കാനുള്ള ‘നോട്ടീസ് ഓഫ് ഇൻ്റൻ്റ് ടു ഫൈൻ’ അദ്ദേഹത്തിന് കൈമാറി. എന്നാൽ ഇതൊരു പ്രാഥമിക നോട്ടീസ് മാത്രമാണെന്നും, കുറ്റം കോടതിയിൽ തെളിയിക്കപ്പെടുന്നത് വരെ അഭിഭാഷകന് ഇതിനെതിരെ നിയമപരമായി മറുപടി നൽകാൻ അവസരമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇമിഗ്രേഷൻ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. വ്യാജരേഖ ചമച്ചതിന് യുഎസിൽ ഒരു ഇമിഗ്രേഷൻ അഭിഭാഷകനെതിരെ പിഴ ചുമത്താൻ ഒരുങ്ങുന്ന രണ്ടാമത്തെ സംഭവമാണിത്. ഇതിനുമുമ്പ് ജൂണിൽ വിനോദ് ദൊഡ്ഡാമണി എന്ന മറ്റൊരു ഇന്ത്യൻ വംശജനായ അഭിഭാഷകനെതിരെയും സമാനമായ രീതിയിൽ 2.4 കോടി രൂപ പിഴ ചുമത്തിയിരുന്നു.

Indian-origin lawyer fined Rs 4 crore in US for helping asylum seekers by forging documents

More Stories from this section

family-dental
witywide