
ഷിക്കാഗോ: അമേരിക്കയിലെ പ്രശസ്തമായ ഷിക്കാഗോ ഗ്രാൻ്റ് പാർക്കിൽ വലിയൊരു തടി കുരിശ് കത്തുന്ന നിലയിൽ കണ്ടെത്തിയത് നഗരത്തിൽ വലിയ പരിഭ്രാന്തിക്കും പ്രതിഷേധത്തിനും കാരണമായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30ഓടെയാണ് കൊളംബസ് ഡ്രൈവിനും ബാൽബോ ഡ്രൈവിനും സമീപമുള്ള പാർക്കിൽ ആറടിയിലധികം ഉയരമുള്ള കുരിശ് തീപിടിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മരത്തിൽ ചാരിവെച്ച നിലയിലായിരുന്ന കുരിശിലെ തീ പടർന്ന് മരത്തിൻ്റെ തൊലിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
റോഡിലൂടെ കടന്നുപോയ യാത്രക്കാരാണ് പാർക്കിൽ കുരിശ് കത്തുന്നത് കണ്ട് ആദ്യം പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ ഷിക്കാഗോ ഫയർ ഡിപ്പാർട്ട്മെൻ്റ് തീ പൂർണ്ണമായും അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അമേരിക്കൻ ചരിത്രത്തിൽ കറുത്തവർഗ്ഗക്കാർക്കെതിരെയുള്ള വംശീയ അധിക്ഷേപത്തിൻ്റെയും ഭയപ്പെടുത്തലിൻ്റെയും പ്രതീകമായിട്ടാണ് ‘കുരിശ് കത്തിക്കൽ’ കണക്കാക്കപ്പെടുന്നത്. അതിനാൽ ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
ഷിക്കാഗോ പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ (സിപിഡി) ആർസൻ (ആസൂത്രിതമായ തീവെപ്പ്) വിഭാഗം സംഭവത്തിൽ വംശീയ വിദ്വേഷത്തിൻ്റെ കോണുകൾ ഉൾപ്പെടെ അന്വേഷിച്ചുവരികയാണ്. സംഭവസ്ഥലത്തുനിന്ന് കറുത്ത ബാക്ക്പാക്ക് ധരിച്ച് ഒരാൾ വേഗത്തിൽ നടന്നുപോകുന്നതായി ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. പൊലീസ് ഇയാളെ ‘പേഴ്സൺ ഓഫ് ഇന്ററസ്റ്റ്’ ആയി പ്രഖ്യാപിക്കുകയും ഇയാളുടെ ചിത്രം പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.
സംഭവത്തെ ഇല്ലിനോയിസ് ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കർ ശക്തമായി അപലപിച്ചു. ഭയവും പരിഭ്രാന്തിയും പരത്താൻ മാത്രമാണ് ഇത്തരം പ്രതീകങ്ങൾ ഉപയോഗിക്കുന്നതെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനകം തന്നെ കത്തോലിക്കാ സഭയുടെ സെൻ്റ് സബീന ചർച്ച് കുറ്റവാളികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 ഡോളർ (ഏകദേശം 8.3 ലക്ഷം ഇന്ത്യൻ രൂപ) പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. വെറുപ്പിൻ്റെ രാഷ്ട്രീയത്തെ ഒരു തരത്തിലും നഗരത്തിൽ വെച്ചുപൊറുപ്പിക്കില്ലെന്ന് മത-സാമൂഹിക നേതാക്കളും പ്രതികരിച്ചു.
Cross burned in Chicago’s Grant Park; suspected to be racially motivated, large reward offered for information on suspect













