വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ ഔദ്യോഗിക മരണസംഖ്യ 18ൽ നിന്ന് 14 ആയി പെന്റഗൺ വെബ്സൈറ്റിൽ തിരുത്തിയതിനെ തുടർന്ന് അമേരിക്കൻ പ്രതിരോധ വകുപ്പിനെതിരെ വ്യാപക വിമർശനം. സൈനികരുടെ കുടുംബങ്ങളും മുൻ സൈനികരും ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും മരണസംഖ്യ സംബന്ധിച്ച വിവരങ്ങൾ സുതാര്യമായി പുറത്തുവിടുന്നില്ലെന്ന് ആരോപിച്ചു. ദ ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ട് പ്രകാരം, ജോർദാനിലും ഇറാഖിലും അടുത്തിടെ കൊല്ലപ്പെട്ട നാല് അമേരിക്കൻ സൈനികരെ ഔദ്യോഗിക പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമാണ് ഇവർ കൊല്ലപ്പെട്ടതെന്നതാണ് കാരണം. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് ട്രംപ് പൊതുവേദിയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആണെന്ന് പറഞ്ഞിരുന്നു.
പെന്റഗൺ ആക്ടിങ് പ്രസ് സെക്രട്ടറി ജോയൽ വാൽഡസ്, വെബ്സൈറ്റിലെ “താൽക്കാലിക സാങ്കേതിക പ്രശ്നങ്ങൾ” മൂലമാണ് മരണസംഖ്യയിൽ മാറ്റം വന്നതെന്നും അത് ഉടൻ പരിഹരിക്കുമെന്ന് വിശദീകരി ചെങ്കിലും ഈ വിശദീകരണം തൃപ്തികരമല്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. യുദ്ധത്തിന്റെ മനുഷ്യനഷ്ടം സംബന്ധിച്ച കൃത്യവും സമയബന്ധിതവുമായ വിവരങ്ങൾ പുറത്തുവിടുന്നതിൽ പെന്റഗൺ പരാജയപ്പെട്ടുവെന്നാണ് ആരോപണം. നാവികസേനയിലെ മുൻ സൈനികയും ഓപ്പറേഷൻ ആർജെഎസ് സ്ഥാപകയുമായ ടാന്യ സ്റ്റാമോസ്, “രാജ്യത്തിനുവേണ്ടി ജീവൻ നൽകിയ സൈനികരുടെ എണ്ണം കുറച്ചുകാണിക്കുന്നത് അത്യന്തം അപലപനീയവും വേദനാജനകവുമാണ്. രാജ്യത്തെ സംരക്ഷിക്കുമെന്ന് സത്യം ചെയ്ത് സേവനമനുഷ്ഠിച്ച സഹപ്രവർത്തകരുടെ പേരുകൾ ചരിത്രത്തിൽ നിന്ന് മായ്ക്കാനുള്ള ശ്രമം പോലെ തോന്നുന്നു,” എന്ന് പ്രതികരിച്ചു.
അതേസമയം, ഡെമോക്രാറ്റിക് പാർട്ടിയിലെ ഒരു വിഭാഗം സെനറ്റർമാർ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്തിന് കത്തയച്ച്, ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതും പരിക്കേറ്റതുമായ എല്ലാ അമേരിക്കൻ സൈനികരുടെയും സമഗ്രമായ കണക്ക് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കൻ ജനങ്ങൾക്കും കോൺഗ്രസിനും സൈനികരുടെ കുടുംബങ്ങൾക്കും കൃത്യമായ വിവരങ്ങൾ അറിയാനുള്ള അവകാശമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഏകദേശം അഞ്ച് മാസം നീണ്ട യുദ്ധത്തിൽ ആകെ 18 അമേരിക്കൻ സൈനികരാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിന്റെ ആദ്യഘട്ടത്തിൽ കുവൈത്ത്, സൗദി അറേബ്യ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഒമ്പത് സൈനികർ കൊല്ലപ്പെട്ടു.
മാർച്ച് 12-ന് ഇറാഖിന്റെ പടിഞ്ഞാറൻ ഭാഗത്ത് ദൗത്യത്തിനിടെ അമേരിക്കൻ വ്യോമസേനയുടെ കെ.സി-135 ഇന്ധനവിതരണ വിമാനം തകർന്നുവീണ് ആറ് സൈനികർ കൂടി മരിച്ചു.തുടർന്ന് ജൂലൈ ഒന്നിന് അറബിക്കടലിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കുന്നതിനിടെ ഒരു നാവികസേനാംഗം മരിച്ചതോടെ ഔദ്യോഗിക മരണസംഖ്യ 14 ആയി. വെടിനിർത്തൽ തകർന്നതിന് ശേഷം വീണ്ടും ആരംഭിച്ച ഏറ്റുമുട്ടലിലാണ് ശേഷിക്കുന്ന നാല് സൈനികരും കൊല്ലപ്പെട്ടത്. ജൂലൈ 18-ന് ജോർദാനിലെ മുവാഫഖ് സാൽത്തി വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. പിറ്റേന്ന് ഇറാഖിലെ എർബിൽ വ്യോമതാവളത്തിൽ തകർന്നുവീണ ഇറാനിയൻ ഡ്രോണിന്റെ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ മറ്റൊരു അമേരിക്കൻ സൈനികനും കൂടി കൊല്ലപ്പെട്ടിരുന്നു.
The Pentagon has come under scrutiny after reducing the official death toll of US service members killed in the Iran war from 18 to 14 on its website, triggering criticism from military families, veterans and lawmakers over the transparency of its casualty reporting









