1000 കോടി ഡോളറിന്റെ വമ്പൻ പ്രോജക്ടിനെതിരെ അലയടിച്ച് ജനരോഷം; ഡാറ്റാ സെന്റർ പദ്ധതിക്കെതിരെ അരിസോണയിൽ പ്രതിഷേധം; ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ച

അരിസോണ: അരിസോണയിലെ പെജ് നഗരത്തിൽ നിർമ്മിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന 1000 കോടി ഡോളറിന്റെ (10 Billion Dollar) കൂറ്റൻ ഡാറ്റാ സെന്റർ പദ്ധതിക്കെതിരെ പ്രാദേശിക നിവാസികൾക്കിടയിൽ പ്രതിഷേധം പുകയുന്നു. ഡാറ്റാ സെന്ററുകളിൽ നിന്നുള്ള ശബ്ദമലിനീകരണം, പ്രകാശമലിനീകരണം, പരിസര താപനിലയിലുണ്ടാകുന്ന വർദ്ധനവ്, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികൾ പദ്ധതിയെ എതിർക്കുന്നത്.

നഗരസഭാ കൗൺസിൽ പദ്ധതിക്കായി ഭൂമി വിൽക്കാൻ അനുമതി നൽകിയെങ്കിലും, മേഖലയിലെ ഭൂവിനിയോഗ നിയമങ്ങളിലെ (Zoning) മാറ്റങ്ങളും മറ്റ് അനുമതികളും ഇനിയും ലഭ്യമാകേണ്ടതുണ്ട്. പ്രദേശത്ത് നിന്ന് മുൻപ് പ്രവർത്തിച്ചിരുന്ന യുറേനിയം ഖനനത്തിൽ നിന്നുള്ള മലിനീകരണം മൂലം അർബുദമടക്കമുള്ള രോഗങ്ങൾ ബാധിച്ച പശ്ചാത്തലമുള്ളതിനാൽ, പുതിയ കൂറ്റൻ ഡാറ്റാ സെന്റർ കൂടി വരുന്നത് തങ്ങളുടെ ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കുമെന്ന് നിവേദനങ്ങളിൽ ഒപ്പുവെച്ച പ്രദേശവാസികൾ വ്യക്തമാക്കുന്നു.

അമേരിക്കയിൽ നവംബർ 3-ന് നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഈ വിഷയം പ്രധാന രാഷ്ട്രീയ തർക്കവിഷയമായി മാറിയിട്ടുണ്ട്. അരിസോണയിലെ ഫസ്റ്റ് കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ മത്സരിക്കുന്ന പ്രമുഖ സ്ഥാനാർത്ഥികൾ ഡാറ്റാ സെന്റർ വിഷയത്തിൽ ഭിന്ന നിലപാടുകളിലാണ്. ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് പുതിയ ഡാറ്റാ സെന്ററുകൾക്ക് അനുമതി നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കണമെന്ന് അരിസോണ അറ്റോർണി ജനറലും ആവശ്യപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide