അസാധാരണം! ട്രംപിന്‍റെ ‘ട്രൂത്ത് സോഷ്യൽ’ പോസ്റ്റുകൾ ഇനി ആദ്യം വൻകിട സ്ഥാപനങ്ങൾക്ക്; പ്രവേശനം പ്രതിമാസം 1 ലക്ഷം ഡോളർ വരെ ഈടാക്കി

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’, പ്രസിഡന്‍റിന്‍റെ പോസ്റ്റുകൾ അതിവേഗം ലഭ്യമാക്കുന്നതിനായി ബ്ലൂംബർഗ് ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുമായി കരാറിലൊപ്പിട്ടു. വാർത്താ-വിവര ദാതാക്കളായ ബ്ലൂംബർഗ്, പ്രമുഖ വാൾസ്ട്രീറ്റ് സ്ഥാപനങ്ങളായ സസ്‌ക്വഹാന ഇന്റർനാഷണൽ ഗ്രൂപ്പ്, ജമ്പ് ട്രേഡിങ് എന്നിവരുമായാണ് കരാറുണ്ടാക്കിയിരിക്കുന്നത്. പ്രതിമാസം 1 ലക്ഷം ഡോളർ വരെ ഈടാക്കിയാണ് ഈ സേവനം നൽകുന്നത്.

അൽഗോരിതം അടിസ്ഥാനമാക്കിയുള്ള ഹൈ-ഫ്രീക്വൻസി ട്രേഡിങ് നടത്തുന്ന സ്ഥാപനങ്ങളാണ് സസ്‌ക്വഹാനയും ജമ്പ് ട്രേഡിങ്ങും. ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ സാധാരണ നിക്ഷേപകരേക്കാൾ മുൻപ് ഈ കമ്പനികൾക്ക് ലഭ്യമാകും എന്നത് വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഇത് വാൾസ്ട്രീറ്റ് വ്യാപാരികൾക്ക് വലിയ മുൻതൂക്കം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് ജൂലൈ മാസത്തിലാണ് അതിവേഗ ഡാറ്റാ ആക്സസ് ഉൽപ്പന്നം പ്രഖ്യാപിച്ചത്. ഭരണത്തിലിരിക്കുന്ന ഒരു പ്രസിഡന്റുമായി ബന്ധപ്പെട്ട ബിസിനസ്സ് സ്ഥാപനം ഔദ്യോഗിക പ്രസ്താവനകൾക്കായി പണം ഈടക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഇത് അനീതിയാണെന്ന് പല വിമർശകരും ചൂണ്ടിക്കാണിക്കുന്നു.

സാധാരണക്കാർക്ക് ലഭ്യമല്ലാത്ത ഔദ്യോഗിക വിവരങ്ങൾ പണത്തിന്റെ ബലത്തിൽ വാൾസ്ട്രീറ്റ് കമ്പനികൾക്ക് മാത്രം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, ഇത് ധനികരായ സ്ഥാപനങ്ങൾക്ക് മുൻഗണന നൽകുന്നതാണെന്നും ചൂണ്ടിക്കാട്ടി ഇൻസെപ്റ്റ് മീഡിയയും ഫ്രീഡം ഓഫ് ദി പ്രസ് ഫൗണ്ടേഷനും ചേർന്ന് ഓഗസ്റ്റിൽ ട്രംപിനെതിരെ കോടതിയെ സമീപിച്ചിരുന്നു. കേസ് നിലവിൽ പുരോഗമിക്കുകയാണ്.

Also Read

More Stories from this section

family-dental
witywide