
വാഷിംഗ്ടൺ: ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഹാളിൽ വെച്ച് അമേരിക്കൻ പ്രതിനിധികളുമായി ഉണ്ടായ കടുത്ത വാഗ്വാദത്തിനും തർക്കത്തിനും പിന്നാലെ ക്യൂബൻ നയതന്ത്രജ്ഞനെ അമേരിക്കയിൽ നിന്നും നാടുകടത്തി. വാഷിംഗ്ടണും ഹവാനയും തമ്മിലുള്ള നയതന്ത്ര ബന്ധം വൻ പ്രതിസന്ധിയിലായിരിക്കെയാണ് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ക്യൂബൻ ഡെലഗേഷനിലെ ഫസ്റ്റ് സെക്രട്ടറി റിച്ചാർഡ് ടർ ഡി ലാ കോൺസെപ്ഷനെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള ഉത്തരവിൽ ഒപ്പുവെച്ചത്.
ക്യൂബയ്‌ക്കെതിരായ യു.എസ് സാമ്പത്തിക ഉപരോധത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ യു.എൻ സ്ഥാനപതി മൈക്ക് വാൾട്സും ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പരീലയും തമ്മിൽ വേദിയിൽ കടുത്ത വാക്കേറ്റമുണ്ടാവുകയായിരുന്നു. വാൾട്സ് സംസാരിക്കുന്നതിനിടെ ക്യൂബൻ പ്രതിനിധികൾ മേശപ്പുറത്ത് അടിച്ച് പ്രതിഷേധിക്കുകയും തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ക്യൂബൻ നയതന്ത്രജ്ഞൻ അമേരിക്കൻ ഉദ്യോഗസ്ഥനെ തള്ളിയിടാനും ആക്രമിക്കാനും ശ്രമിച്ചതായി വാൾട്സ് ആരോപിച്ചു.
സംഭവത്തെ തുടർന്ന് അമേരിക്കൻ മണ്ണിൽ വെച്ച് യു.എസ് ഉദ്യോഗസ്ഥർക്ക് നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും, 24 മണിക്കൂറിനുള്ളിൽ ഉദ്യോഗസ്ഥൻ ഹവാനയിലേക്ക് മടങ്ങുമെന്നും വാൾട്സ് വ്യക്തമാക്കി. വാഷിംഗ്ടണും ക്യൂബൻ കമ്മ്യൂണിസ്റ്റ് ഭരണകൂടവും തമ്മിലുള്ള രാഷ്ട്രീയ സംഘർഷം ഇതോടെ പുതിയ തലത്തിലേക്ക് ഉയർന്നതായി വിദേശകാര്യ നിരീക്ഷകർ വിലയിരുത്തുന്നു.














