
വാഷിംഗ്ടൺ: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾക്കിടെ, പെന്‍റഗണിലെ ഉന്നത പ്ലാനിംഗ് ഉദ്യോഗസ്ഥനെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പുറത്താക്കി. ജോയിന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ സ്ട്രാറ്റജി, പ്ലാൻസ് ആൻഡ് പോളിസി ഡയറക്ടർ (ജെ5) ആയി പ്രവർത്തിച്ചിരുന്ന ലഫ്റ്റനന്റ് ജനറൽ ബ്രെറ്റ് സിൽവിയാണ് സ്ഥാനത്തുനിന്ന് പെട്ടെന്ന് ഒഴിവാക്കപ്പെട്ടത്. ജോയിന്റ് ചീഫ്സ് ചെയർമാൻ ജനറൽ ഡാൻ കെയ്‌ന്റെ വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ബ്രെറ്റ് സിൽവിയുടെ പുറത്താക്കലിന് ഔദ്യോഗിക കാരണങ്ങളൊന്നും അധികൃതർ വ്യക്തമാക്കിയിട്ടില്ല. ട്രംപ് ഭരണകൂടം അധികാരത്തിൽ വന്നതിനുശേഷവും പീറ്റ് ഹെഗ്‌സെത്ത് ചുമതലയേറ്റതുമുതൽ പെന്‍റഗണിൽ നിന്ന് പുറത്താക്കപ്പെടുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ നിരയിലെ ഒടുവിലത്തെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ബൈഡൻ ഭരണകൂടത്തിന്റെ അവസാന കാലത്താണ് സൈനിക മേധാവിയായി സിൽവി നാമനിർദ്ദേശം ചെയ്യപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരത്തോടെ ജോയിന്‍റ് ചീഫ്സിന്റെ വെബ്‌സൈറ്റിൽ നിന്ന് അദ്ദേഹത്തിന്റെ വിവരങ്ങൾ നീക്കം ചെയ്തു.
ഇറാനെതിരെ പുതിയ സൈനിക നടപടികൾക്ക് ട്രംപ് ഒരുങ്ങുന്ന നിർണായക ഘട്ടത്തിലാണ് ഈ ഉദ്യോഗസ്ഥ മാറ്റം. മിഡിൽ ഈസ്റ്റിലെ യുഎസ് സേന ഇറാനെതിരെ പുതിയതും വലുതുമായ സൈനിക നീക്കങ്ങൾക്ക് പൂർണ്ണ സജ്ജമാണെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മിഡ്‌ടേം തിരഞ്ഞെടുപ്പിന് ശേഷം ഈ വർഷാവസാനത്തിന് മുമ്പ് ഏത് നിമിഷവും പ്രസിഡന്റ് ട്രംപിൽ നിന്ന് ഉത്തരവ് ഉണ്ടായേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ സുരക്ഷാ കാര്യങ്ങളിലും അന്താരാഷ്ട്ര തലത്തിലുള്ള സൈനിക ഇടപെടലുകളിലും നിർണായക ഉപദേശങ്ങൾ നൽകുന്ന ജെ5 പദവിയിലിരുന്ന ഉദ്യോഗസ്ഥനെ മാറ്റിയത് പെന്റഗണിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.













