
ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ ‘ആത്മനിർഭർ ഭാരത്’, ‘മേക്ക് ഇൻ ഇന്ത്യ’ നയങ്ങൾക്ക് കൂടുതൽ കരുത്തുപകർന്ന് പ്രതിരോധ മന്ത്രാലയം പുതിയ കരാറിൽ ഒപ്പുവെച്ചു. ഇന്ത്യൻ നാവികസേനയ്ക്കായി അത്യാധുനിക ഇലക്ട്രോണിക് യുദ്ധോപകരണങ്ങൾ വാങ്ങുന്നതിനായി 449 കോടി രൂപയുടെ കരാറിലാണ് മന്ത്രാലയം ഒപ്പുവെച്ചത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഐ.ടി കമ്പനിയായ ‘അക്കോർഡ് സോഫ്റ്റ്‌വെയർ ആൻഡ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി’ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
നാവികസേനാ കപ്പലുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി 20 ‘എൻഹാൻസ്ഡ് കപ്പാസിറ്റി ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം’ ജാമറുകൾ വാങ്ങാനാണ് ഈ തുക വിനിയോഗിക്കുന്നത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിൻ്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.
പ്രതിരോധ സംഭരണ ചട്ടങ്ങളിലെ ‘ബൈ ഇന്ത്യൻ’ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഈ കരാർ തയാറാക്കിയിരിക്കുന്നത്. ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുക്കുന്ന ഈ ജാമറുകളിൽ 75 ശതമാനത്തിലധികം സ്വദേശി സാമഗ്രികളായിരിക്കും ഉപയോഗിക്കുക. ഇത് രാജ്യത്തെ പ്രതിരോധ നിർമ്മാണ മേഖലയ്ക്ക് വലിയ ഉത്തേജനമാകും. ആധുനിക സമുദ്രയുദ്ധങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന സുരക്ഷാ ഉപകരണങ്ങളാണിവ. ശത്രുക്കളുടെ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിൽ നിന്നുള്ള സിഗ്നലുകളെ തടസ്സപ്പെടുത്താനും, തെറ്റായ വിവരങ്ങൾ നൽകി ശത്രുക്കപ്പലുകളുടെയോ മിസൈലുകളുടെയോ നാവിഗേഷൻ സംവിധാനങ്ങളെ വഴിതെറ്റിക്കാനും ഈ അത്യാധുനിക ജാമറുകൾക്ക് സാധിക്കും. ഇന്ത്യൻ നാവികസേനാ കപ്പലുകൾക്ക് സമുദ്ര അതിർത്തികളിൽ കൂടുതൽ ആത്മവിശ്വാസത്തോടെ ഓപ്പറേഷനുകൾ നടത്തുവാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.
Defence Ministry signs Rs 449 crore contract to strengthen Navy under ‘Atmanirbhar Bharat’ project










