ആവേശമായി ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ 56 ടൂർണമെന്റ്, മധു കുട്ടി, നിതിൻ ഈപ്പൻ, രാജീവ് ജോർജ് എന്നിവർക്ക് കിരീടം

റോക്ക്‌ലാൻഡ് കൗണ്ടിയിലെ ന്യൂയോർക്ക് സോഷ്യൽ ക്ലബ് സംഘടിപ്പിച്ച രണ്ടാമത് ഇന്റർനാഷണൽ ഫോർമാറ്റ് 56 ടൂർണമെന്റിൽ 2023-ലെ 56 ഇന്റർനാഷണൽ ചാമ്പ്യന്മാരായ കണക്റ്റിക്കട്ടിൽ നിന്നുള്ള മധു കുട്ടി, നിതിൻ ഈപ്പൻ, രാജീവ് ജോർജ് എന്നിവരടങ്ങിയ ടീം കിരീടം സ്വന്തമാക്കി. റോയ് ജേക്കബ്, സാജൻ കുഴിപ്പറമ്പിൽ, ബിജു വലിയകല്ലുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ നവംബർ 22-ന് ന്യൂയോർക്കിലെ ക്നാനായ സെന്ററിൽ നടന്ന മത്സരത്തിൽ അമേരിക്കയുടെ കിഴക്കൻ തീരപ്രദേശങ്ങളിൽനിന്നുള്ള 20 ടീമുകൾ മാറ്റുരച്ചു.

ടൂർണമെന്റിലുടനീളം ആധിപത്യം പുലർത്തിയ കണക്റ്റിക്കട്ട് ടീം എല്ലാ ലീഗ് മത്സരങ്ങളും വിജയിച്ച് ആദ്യ റൗണ്ട് റോബിൻ ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. അതേ മികവും ആത്മവിശ്വാസവും കലാശപ്പോരിലേക്കും കൊണ്ടുപോയ മൂവർസംഘം കിരീടനേട്ടത്തോടെ തങ്ങളുടെ മുന്നേറ്റം പൂർത്തിയാക്കി.

കഴിഞ്ഞ വർഷത്തെ ന്യൂയോർക്ക് സോഷ്യൽ ക്ലബ് അമ്പത്തിയാറ് ടൂർണമെന്റ് ജേതാക്കളായ ന്യൂജേഴ്സിയുടെ ജോസഫ് ചാമക്കാല, സന്തോഷ് ജോർജ്, ജോസ് വർക്കി എന്നിവരടങ്ങിയ ടീമായിരുന്നു ഫൈനലിലെ എതിരാളികൾ. പരിചയസമ്പന്നരായ രണ്ട് ടീമുകൾ ഏറ്റുമുട്ടിയ വാശിയേറിയ ഫൈനലിൽ കണക്റ്റിക്കട്ട് ടീം വിജയം ഉറപ്പിക്കുകയായിരുന്നു.

മൂന്നാം സ്ഥാനവും കണക്റ്റിക്കട്ടിന് തന്നെയായിരുന്നു. റെജി നെല്ലിക്ക, ജോ വെള്ളയിപറമ്പിൽ, ജോഷി ജോർജ് എന്നിവരടങ്ങിയ ടീമാണ് മൂന്നാം സമ്മാനം നേടിയത്. ഇതോടെ കണക്റ്റിക്കട്ടിലെ അമ്പത്തിയാറ് കളിക്കാർക്ക് അഭിമാനകരമായ ഇരട്ടനേട്ടങ്ങളുടെ ദിനമായി ടൂർണമെന്റ് മാറി.

2027 ഒക്ടോബറിൽ ന്യൂയോർക്ക് സോഷ്യൽ ക്ലബ് ആതിഥ്യമരുളുന്ന 28-ാമത് അന്താരാഷ്ട്ര അമ്പത്തിയാറ് ചാമ്പ്യൻഷിപ്പിന്റെ കേളികൊട്ടായാണ് ഈ മത്സരം സംഘടിപ്പിച്ചത്. വിവിധ ദേശങ്ങളിലെ കളിക്കാരും അമ്പത്തിയാറ് പ്രേമികളും ഒത്തുചേരുന്ന വരാനിരിക്കുന്ന മഹാമേളയുടെ ആവേശകരമായ മുന്നൊരുക്കമായി നവംബറിലെ ഈ ടൂർണമെന്റ് മാറി.

Madhu Kutty, Nithin Eapen, and Rajeev George Win New York Social Club 56 Tournament

More Stories from this section

family-dental
witywide