
വാഷിംഗ്ടൺ: ഫെബ്രുവരി 28-ന് ഇറാന്റെ തെക്കൻ നഗരമായ മിനാബിലെ ഷാജറേ തയ്യിബ സ്കൂളിന് നേരെ അമേരിക്ക നടത്തിയ മാരകമായ വ്യോമാക്രമണം രാജ്യത്തിന് വലിയ നാണക്കേടാണെന്ന് ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധി യാസമൻ അൻസാരി. 168 കുട്ടികളും 14 മുതിർന്നവരും കൊല്ലപ്പെട്ട ഈ ദാരുണ സംഭവത്തിൽ അഞ്ച് മാസം പിന്നിട്ടിട്ടും യാതൊരുവിധ അന്വേഷണമോ കുറ്റക്കാർക്കെതിരെ നടപടിയോ ഉണ്ടാകാത്തതിനെ അവർ രൂക്ഷമായി വിമർശിച്ചു. സിഎൻഎന്നിന്റെ ‘ദി ലീഡ്’ പരിപാടിയിൽ പ്രമുഖ മാധ്യമപ്രവർത്തകൻ ജേക്ക് ടാപ്പറുമായി സംസാരിക്കുകയായിരുന്നു അവർ.
നടന്നത് അതിക്രൂരമായ യുദ്ധക്കുറ്റമാണെന്ന് അൻസാരി ആരോപിച്ചു. സംഭവത്തിൽ ഇതുവരെയും കൃത്യമായ മറുപടി നൽകാത്തതിൽ അത്ഭുതമില്ലെന്നും, എന്നാൽ ഇറാന്റെ മണ്ണിൽ നടന്ന ഈ ദുരന്തത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്തോറും സംഭവത്തിന്റെ വ്യാപ്തി കൂടുതൽ ഭയാനകമായി മാറുകയാണെന്നും അവർ തുറന്നടിച്ചു.
അതേസമയം, യുഎസ് സൈനിക നേതൃത്വം കേസിൽ ബോധപൂർവ്വം മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും കൃത്യമായി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനുള്ള പ്രാഥമിക ഇന്റലിജൻസ് പരിശോധനയ്ക്ക് പോലും ഉത്തരവിടാൻ സൈനിക തലവന്മാർ ത തയ്യാറായിട്ടില്ലെന്ന് വിഷയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.













