ന്യൂയോർക്ക്: ഡെങ്കിപ്പനി വ്യാപനം രൂക്ഷമായ ഫ്ലോറിഡയിൽ രോഗബാധയെ തുടർന്ന് ഒരാൾ മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്. കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബർ നാലിന് മരിച്ച ടാമ്പ സ്വദേശിയായ വയോധികയാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചതെന്ന് ടാമ്പ ബേ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഹിൽസ്ബറോ കൗണ്ടിയിൽ ഈ വർഷം ഇതുവരെ ഡെങ്കിപ്പനിയുടെ 130ലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാധാരണ ഇവിടെ വിരലിലെണ്ണാവുന്ന കേസുകൾ മാത്രമാണ് ഉണ്ടാകാറുള്ളത്. ഇത് തങ്ങൾക്ക് തീർത്തും അസാധാരണമായ സാഹചര്യമാണെന്ന് കൗണ്ടി വക്താവ് ക്രിസ് വിൽക്കേഴ്സൺ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഒരിനം ചൂടുകാല കൊതുകുകളിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. അടുത്തിടെയുണ്ടായ കാലാവസ്ഥാ സാഹചര്യങ്ങൾ രോഗവാഹകരായ കൊതുകുകൾ പെരുകാൻ അനുകൂലമായതാണ് ഫ്ലോറിഡയിലെ നിലവിലെ വ്യാപനത്തിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അമേരിക്കയിൽ റിപ്പോർട്ട് ചെയ്യുന്ന ഡെങ്കിപ്പനി കേസുകളിൽ ഭൂരിഭാഗവും മറ്റ് രാജ്യങ്ങളിൽ നിന്ന് രോഗബാധിതരായി എത്തുന്ന യാത്രക്കാരിലായിരുന്നു. എന്നാൽ 2009-10ൽ ഫ്ലോറിഡയിലെ കീ വെസ്റ്റിൽ പ്രാദേശികമായി പകരുന്ന ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു. 1945ന് ശേഷം ടെക്സസ്-മെക്സിക്കോ അതിർത്തിക്ക് പുറത്ത് അമേരിക്കൻ ഭൂഖണ്ഡത്തിൽ റിപ്പോർട്ട് ചെയ്ത ആദ്യത്തെ ഇത്തരം കേസുകളായിരുന്നു അവ.
ഫ്ലോറിഡയിൽ ഏറ്റവും കൂടുതൽ പ്രാദേശിക ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത് 2023ലാണ്. അന്ന് 200ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 152 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കണക്കിൽ രണ്ടാം സ്ഥാനത്തെത്തി. ഡെങ്കിപ്പനി ബാധിക്കുന്ന പലർക്കും രോഗലക്ഷണങ്ങൾ ഉണ്ടാകാറില്ല. അതിനാൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളേക്കാൾ യഥാർഥ രോഗബാധിതരുടെ എണ്ണം കൂടുതലായിരിക്കാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ചിലരിൽ തലവേദന, പനി പോലുള്ള ലക്ഷണങ്ങൾ എന്നിവ ഉണ്ടാകാം. ഗുരുതരമായാൽ അമിത രക്തസ്രാവം, സ്ട്രോക്ക്, മരണം എന്നിവയ്ക്കും കാരണമാകാം.ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ ലോകത്ത് 22 ലക്ഷത്തിലധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 1,200 പേർ മരിച്ചു.
അമേരിക്കയിൽ പ്രാദേശികമായി പകരുന്ന 1,500ഓളം ഡെങ്കിപ്പനി കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും പ്യൂർട്ടോ റിക്കോയിലാണ്. ടാമ്പയ്ക്ക് വടക്കുള്ള പ്രദേശങ്ങളിലാണ് നിലവിലെ വ്യാപനം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. കൊതുകുകളെ നശിപ്പിക്കാൻ ആരോഗ്യപ്രവർത്തകർ രാവും പകലും കീടനാശിനി തളിക്കുന്നുണ്ട്. കൊതുകുകൾ പെരുകാൻ സാധ്യതയുള്ള ടയറുകളിലടക്കമുള്ള കെട്ടിക്കിടക്കുന്ന വെള്ളവും പരിശോധിക്കുന്നുണ്ട്. സമീപകാലത്ത് നടത്തിയ കൊതുക് പരിശോധനകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ഹിൽസ്ബറോ കൗണ്ടി കൊതുക് നിയന്ത്രണ വിഭാഗത്തിലെ മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ പൗലോ പെക്കോറ പറഞ്ഞു. പുതിയ രോഗബാധയ്ക്കുള്ള സാധ്യത കുറയുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രയ്ക്കിടെ ഒരാൾക്ക് ഡെങ്കിപ്പനി ബാധിക്കുകയും പിന്നീട് അമേരിക്കയിൽ തിരിച്ചെത്തിയ ശേഷം രോഗം പകരാൻ ശേഷിയുള്ള കൊതുകിന്റെ കടിയേൽക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം പ്രാദേശിക വ്യാപനങ്ങൾ ആരംഭിക്കുന്നതെന്ന് ഫ്ലോറിഡ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ മൈക്കൽ വോൺ ഫ്രിക്കൻ പറഞ്ഞു. തുടർന്ന് രോഗം വലിയ തോതിൽ പടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്ലോറിഡയിൽ ഇത്തരം കൊതുകുകളുടെ സാന്നിധ്യം തുടർച്ചയായി കൂടുതലായതിനാൽ ഡെങ്കിപ്പനിയുടെ ഭീഷണി പൂർണമായി കുറയാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഒരു പരിധിവരെ പുതിയ സാധാരണാവസ്ഥയായി മാറിയേക്കാമെന്നും വോൺ ഫ്രിക്കൻ കൂട്ടിച്ചേർത്തു.
Florida confirms death from dengue as state struggles with recent outbreak













