വാഷിങ്ടൺ: നിർബന്ധിത തൊഴിലാളികളെ ഉപയോഗിച്ചെന്ന ആരോപണത്തെ തുടർന്ന് ചൈനയിലെ 43 കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ വിലക്കേർപ്പെടുത്തി യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS). ചൈനയിൽ നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമ്മിച്ച ഉൽപ്പന്നങ്ങൾക്കെതിരായ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന നടപടിയാണിതെന്നാണ് അമേരിക്കയുടെ വിശദീകരണം. ചൈനയിൽ “അടിമവേല” ഉപയോഗിച്ചാണ് ഈ കമ്പനികൾ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ അറിയിച്ചു.
നിർബന്ധിത തൊഴിലിലൂടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിനുള്ള ഫോഴ്സ്ഡ് ലേബർ എൻഫോഴ്സ്മെന്റ് ടാസ്‌ക് ഫോഴ്‌സിന്റെ അന്വേഷണത്തെ തുടർന്നാണ് കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. അലുമിനിയം, വസ്ത്രനിർമാണം, ചെമ്പ്, പരുത്തി, തക്കാളി ഉൽപ്പാദനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് വിലക്കിന് വിധേയമായത്. കുയിറ്റുൻ യാദാസി ടെക്സ്റ്റൈൽ കമ്പനി, ഷിൻജിയാങ് നുസിലൈൻ ബയോ-ഫാർമസ്യൂട്ടിക്കൽ കമ്പനി എന്നിവയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
അനധികൃത തൊഴിൽ രീതികളിലൂടെ നിർമ്മിച്ച ഉൽപ്പന്നങ്ങൾ അമേരിക്കൻ വിപണിയിലെത്തുന്നത് തടയുന്നത് ദേശീയ സുരക്ഷയുടെ ഭാഗമാണെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് വ്യക്തമാക്കി. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന വിദേശ കമ്പനികളെ ഉത്തരവാദികളാക്കാൻ ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ പറഞ്ഞു. 2021-ൽ നിലവിൽ വന്ന ഉയ്‌ഗുർ നിർബന്ധിത തൊഴിൽ തടയൽ നിയമം (Uyghur Forced Labor Prevention Act – UFLPA) പ്രകാരം ചൈനയിലെ ഷിൻജിയാങ് മേഖലയിൽ നിർബന്ധിത തൊഴിലാളികളെ ഉപയോഗിച്ച് നിർമ്മിച്ച ഉൽപ്പന്നങ്ങൾ അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. നിലവിൽ ഈ നിയമപ്രകാരമുള്ള കരിമ്പട്ടികയിൽ 187 സ്ഥാപനങ്ങളാണുള്ളത്.
DHS blocks 43 Chinese companies from conducting business in the United States in historic move










