എച്ച്-1ബി വിസാ പദ്ധതി പൂർണമായി ഒഴിവാക്കണമെന്ന് ജെ.ഡി. വാൻസ്; പിന്തുണച്ച് ട്രംപ് ജൂനിയർ

എച്ച്-1ബി വിസ പദ്ധതിയിലെ ദുരുപയോഗത്തിനെതിരെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വീണ്ടും രംഗത്ത്. പദ്ധതി പൂർണമായി ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എയർഫോഴ്സ് 2ൽ നിന്ന് ‘റിയൽ അമേരിക്കൻ വോയ്സ്’ന് നൽകിയ അഭിമുഖത്തിലാണ് വാൻസ് എച്ച്-1ബി പദ്ധതിയെ രൂക്ഷമായി വിമർശിച്ചത്. വാൻസിന്റെ നിലപാടിന് പിന്തുണയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയറും രംഗത്തെത്തി.

പദ്ധതി പൂർണമായും തകരാറിലാണെന്നും നിലവിൽ അത് തുടരുന്ന സാഹചര്യത്തിൽ അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ തൊഴിലാളിക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ ശമ്പളത്തിന് വിദേശ തൊഴിലാളിയെ കൊണ്ടുവന്ന് പകരം നിയമിക്കുന്നത് എച്ച്-1ബി പദ്ധതിയുടെ ലക്ഷ്യമല്ല. പ്രതിഭകളെ അമേരിക്കയിലെത്തിക്കുന്നതിനുപകരം അമേരിക്കക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്താനും അവരെ വഞ്ചിക്കാനുമാണ് പദ്ധതി ദുരുപയോഗം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സാങ്കേതിക കമ്പനികൾ മാത്രമല്ല, അക്കൗണ്ടിങ് സ്ഥാപനങ്ങളും മറ്റും എച്ച്-1ബി പദ്ധതി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും വാൻസ് പറഞ്ഞു. യഥാർഥ പ്രതിഭകളെ അമേരിക്കയിലെത്തിക്കുന്നതിൽ ഭരണകൂടത്തിന് എതിർപ്പില്ല. കോൺഗ്രസിന് നിയമത്തിൽ മാറ്റം വരുത്തുന്നത് ബുദ്ധിമുട്ടായതിനാലാണ് എച്ച്-1ബി വിസയ്ക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയത്. കുറഞ്ഞ ചെലവിൽ വിദേശ തൊഴിലാളികളെ എത്തിക്കുന്നതിനെ പിന്തുണയ്ക്കുന്ന ലോബിയുടെ സ്വാധീനമാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

വാൻസിന്റെ നിലപാടിനെ പൂർണമായി പിന്തുണയ്ക്കുന്നതായി ഡോണൾഡ് ട്രംപ് ജൂനിയർ പറഞ്ഞു. കുറഞ്ഞ വേതനത്തിലുള്ള വിദേശ തൊഴിലാളികളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ‘തുറന്ന അതിർത്തി’ അനുകൂലികളാണ് ഇതിനെ എതിർക്കുന്നതെന്നും ട്രംപ് ജൂനിയർ പറഞ്ഞു.

അതേസമയം, 1 ലക്ഷം ഡോളർ എച്ച്-1ബി ഫീസ് നടപ്പാക്കുന്നത് തടഞ്ഞ് രണ്ടാമത്തെ ഫെഡറൽ ജഡ്ജിയും ഉത്തരവിട്ടിട്ടുണ്ട്. ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഫീസ് നടപ്പാക്കിയതെന്ന് യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ഹേവുഡ് ഗില്ല്യം ചൂണ്ടിക്കാട്ടി. ജൂണിൽ ബോസ്റ്റണിലെ മറ്റൊരു ജഡ്ജിയും ഫീസ് തടഞ്ഞിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 21നാണ് 1 ലക്ഷം ഡോളർ ഫീസ് നിലവിൽ വന്നത്. ഒരു വർഷത്തേക്കായിരുന്നു ഇതിന്റെ കാലാവധി. കോടതി ഉത്തരവുകൾ മൂലം ഫീസ് നിലവിൽ പ്രാബല്യത്തിലല്ലെങ്കിലും ഭരണകൂടം ഇതിന്റെ കാലാവധി നീട്ടിയിട്ടുണ്ട്.

Donald Trump Jr says JD Vance is right about H-1B visa program, people who disagree are the open border lovers