
ന്യൂയോർക്ക്: താങ്ക്സ്ഗിവിംഗ് ദിനത്തിൽ അമേരിക്കയുടെ കിഴക്കൻ തീരത്ത് ആഞ്ഞടിച്ച അതിശക്തമായ കൊടുങ്കാറ്റിലും കനത്ത മഴയിലും വ്യാപക നാശനഷ്ടം. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ് എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകപ്രശസ്തമായ മേസിസ് താങ്ക്സ്ഗിവിംഗ് ഡേ പരേഡ് മാറ്റിവെക്കുകയും ഫിലാഡൽഫിയയിലെ പരേഡ് കെട്ടിടത്തിനുള്ളിലേക്ക് മാറ്റുകയും ചെയ്തു.
കൊടുങ്കാറ്റിനെ തുടർന്ന് ഒമ്പത് സംസ്ഥാനങ്ങളിലായി 9,25,000-ത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം നഷ്ടമായി. പെൻസിൽവാനിയ (2.3 ലക്ഷം), മേരിലാൻഡ് (1.6 ലക്ഷം), ന്യൂജേഴ്സി (1.4 ലക്ഷം), വെർജീനിയ (1.39 ലക്ഷം) എന്നീ സംസ്ഥാനങ്ങളെയാണ് വൈദ്യുതി മുടക്കം ഏറ്റവുമധികം ബാധിച്ചത്. 50 ദശലക്ഷത്തിലധികം ആളുകൾക്ക് അധികൃതർ ശക്തമായ കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശക്തമായ കാറ്റിൽ മേരിലാൻഡിലെ ഓഷ്യൻ സിറ്റിയിൽ ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ മേൽക്കൂര പൂർണ്ണമായും പറന്നുപോയി. റോക്ക്വില്ലെയിൽ വാണിജ്യ കെട്ടിടത്തിന്റെ മുൻഭാഗം തകർന്നുവീണ് അകത്തു കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി. വെസ്റ്റ് വെർജീനിയയിലെ സ്നോഷൂവിൽ മണിക്കൂറിൽ 74 മൈൽ വേഗതയിലാണ് കാറ്റ് വീശിയത്.
നോർത്ത് കരോലിനയിലെ എമറാൾഡ് ഐലിൽ 9 ഇഞ്ചിലധികം മഴ ലഭിച്ചു. വെർജീനിയ മുതൽ ന്യൂയോർക്ക് സിറ്റി വരെയുള്ള പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിനും തീരദേശ വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റും മഴയും അവധിക്കാല യാത്രകളെയും വിമാന സർവീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്.
അതേസമയം, ഒക്ടോബർ അവസാനമുണ്ടായ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടമുണ്ടായ ഫ്ലോറിഡ സംസ്ഥാനത്തിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 100 ദശലക്ഷം ഡോളറിന്റെ അടിയന്തര ദുരന്തസഹായം പ്രഖ്യാപിച്ചു. ശനിയാഴ്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നും മാറ്റിവെച്ച മേസിസ് പരേഡ് അന്ന് നടത്താൻ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
‘Thanksgiving’ storm in the US: State of emergency declared in New York; power outages affect over 900,000 homes.















