മിഷിഗൻ സെനറ്റ് തിരഞ്ഞെടുപ്പിൽ നാടകീയ നീക്കം; ഡെമോക്രാറ്റിക് സ്ഥാനാർത്ഥിക്കെതിരെ പാർട്ടി നേതാവ് രംഗത്ത്, റിപ്പബ്ലിക്കന് പിന്തുണ

ഡെട്രോയിറ്റ്: യുഎസ് സെനറ്റിലേക്ക് മിഷിഗൺ സംസ്ഥാനത്ത് നിന്ന് നടക്കുന്ന നിർണായക തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയിൽ വൻ രാഷ്ട്രീയപ്പോര്. വോട്ടെടുപ്പിന് വെറും രണ്ടുദിവസം മാത്രം ബാക്കിനിൽക്കെ, മിഷിഗണിലെ മുതിർന്ന ഡെമോക്രാറ്റിക് നേതാവും സിറ്റിംഗ് കോൺഗ്രസ് അംഗവുമായ ഹെയ്ലി സ്റ്റീവൻസ് സ്വന്തം പാർട്ടി സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അബ്ദുൾ അൽ-സയീദുമായുള്ള ആഭ്യന്തര തർക്കം പരസ്യമായതിനെ തുടർന്നാണ് ഈ നാടകീയ നീക്കം.

ഞായറാഴ്ച റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് റോജേഴ്സിനൊപ്പം സംയുക്തമായി പങ്കെടുത്ത ചർച്ച് സർവീസിന് ശേഷമാണ് ഹെയ്ലി സ്റ്റീവൻസ് നയം വ്യക്തമാക്കിയത്. അൽ-സയീദിന്റെ പ്രചാരണ പരിപാടികളിൽ തനിക്ക് സ്ഥാനമില്ലെന്ന് അവർ തുറന്നടിച്ചു. മിഷിഗൺ ജനത വെറുപ്പിന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവരല്ലെന്നും, എന്നാൽ സ്വന്തം പാർട്ടി സ്ഥാനാർത്ഥിയിൽ നിന്ന് ഇപ്പോൾ അതാണ് പുറത്തുവരുന്നതെന്നും സ്റ്റീവൻസ് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോയിൽ ആരോപിച്ചു.

പാർട്ടിക്കുള്ളിലെ മിതവാദ-ഇടതുപക്ഷ ചേരിപ്പോരാണ് തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ മിഷിഗണിൽ പൊട്ടിത്തെറിയിലെത്തിച്ചത്. നേരത്തെ നടന്ന ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിൽ പാർട്ടി ഔദ്യോഗികമായി പിന്തുണച്ച ഹെയ്ലി സ്റ്റീവൻസിനെ അട്ടിമറിച്ചാണ് ഇടതുപക്ഷ ചിന്താഗതിക്കാരനായ അൽ-സയീദ് സെനറ്റ് നാമനിർദ്ദേശം നേടിയത്. ഇസ്രായേൽ വിഷയത്തിലും വാഷിംഗ്ടൺ രാഷ്ട്രീയത്തിലും ഇരുവരും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു.

തിരഞ്ഞെടുപ്പ് വേളയിലെ ഈ കൂടുമാറ്റം ഡെമോക്രാറ്റിക് ക്യാമ്പിനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സ്റ്റീവൻസിന്റെ നടപടി പാർട്ടിയോടും ജനങ്ങളോടുമുള്ള ‘നികൃഷ്ടമായ വഞ്ചന’ യാണെന്ന് മുതിർന്ന ഡെമോക്രാറ്റ് നേതാവ് ചക് ഷുമർ പ്രതികരിച്ചു. പാർട്ടിയെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളെ ചെറുക്കുമെന്ന് മിഷിഗൺ ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ കുർട്ടിസ് ഹെർട്ടൽ വ്യക്തമാക്കി. അതേസമയം, ഹെയ്ലി സ്റ്റീവൻസിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അവരുടെ സ്റ്റാഫ് അംഗങ്ങളിൽ ഭൂരിഭാഗവും രാജി സമർപ്പിച്ചു.

അതേസമയം സ്റ്റീവൻസിന്റെ നിലപാടിനെ റിപ്പബ്ലിക്കൻ പാർട്ടിയും പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്വാഗതം ചെയ്തു. സ്റ്റീവൻസ് കാട്ടിയത് വലിയ ധീരതയാണെന്നും അവർ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് വരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അയോവയിലെ പ്രചാരണ റാലിയിൽ ട്രംപ് പറഞ്ഞു.

യുഎസ് സെനറ്റിന്റെ ഭൂരിപക്ഷം നിശ്ചയിക്കുന്നതിൽ മിഷിഗണിലെ ഫലം നിർണായകമാണ്. നിലവിൽ വിരമിക്കുന്ന ഡെമോക്രാറ്റ് അംഗത്തിന്റെ കൈവശമുള്ള ഈ സീറ്റ് നഷ്ടപ്പെടുന്നത് പാർട്ടിയുടെ സെനറ്റ് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയാകും.

Dramatic turn in Michigan Senate race; party leader opposes Democratic candidate, extends support to Republican.

More Stories from this section

family-dental
witywide