
പാം ബീച്ച് കൗണ്ടി (ഫ്ലോറിഡ): അമേരിക്കയിലെ ഫ്ലോറിഡയിൽ ജനവാസ മേഖലയിലേക്ക് ബിസിനസ്സ് ജെറ്റ് വിമാനം തകർന്നുവീണ് ഒമ്പത് പേർ മരിച്ചു. ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:50-ഓടെ പാം ബീച്ച് കൗണ്ടിയിലെ ക്രെസ്റ്റ്ഹേവന് സമീപമാണ് ദരുണമായ ഈ അപകടം സംഭവിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഡംബര റിസോർട്ടായ മാർ-എ-ലാഗോയിൽ നിന്നും വെറും ഒമ്പത് മൈൽ മാത്രം അകലെയാണ് ദുരന്തമുണ്ടായത്.
ടെക്സാസിലെ ഓസ്റ്റിനിൽ നിന്നും ബഹാമാസിലേക്ക് പോവുകയായിരുന്ന ‘ലീയർജെറ്റ് 60’ വിമാനമാണ് തകർന്നത്. വിമാനത്തിലുണ്ടായിരുന്ന ഒമ്പത് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി യുഎസ് ഗതാഗത സെക്രട്ടറി സീൻ ഡഫി സ്ഥിരീകരിച്ചു. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണം നഷ്ടപ്പെട്ട് ഓരോ സെക്കൻഡിലും നൂറുകണക്കിന് അടി താഴേക്ക് കുതിക്കുകയായിരുന്നുവെന്നാണ് ഫ്ലൈറ്റ് വിശകലനങ്ങളിൽ വ്യക്തമാകുന്നത്.
അപകടത്തിന് തൊട്ടുമുമ്പ് വിമാനം നേരിട്ട കാലാവസ്ഥാ വ്യതിയാനങ്ങളും വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടെന്നും കനത്ത മഴയും ഉള്ളതായി പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിൽ റിപ്പോർട്ട് ചെയ്തിരുന്നതായി അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിനെത്തുടർന്ന് വിമാനം 2,000 അടി കൂടി മുകളിലേക്ക് ഉയർത്താൻ പൈലറ്റുമാർ അനുമതി തേടിയിരുന്നു.
എന്നാൽ ഇതിന് തൊട്ടുപിന്നാലെ വിമാനം കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. എയർ ട്രാഫിക് കൺട്രോൾ റെക്കോർഡിംഗുകളും ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റയും അനുസരിച്ച്, ആദ്യം മിനിറ്റിൽ 10,000 അടി വേഗതയിൽ താഴേക്ക് പതിച്ച വിമാനം, പിന്നീട് അതിന്റെ ഡിസൈൻ പരിധികൾ പോലും മറികടന്ന് മിനിറ്റിൽ 30,000 അടി എന്ന ഭയാനകമായ വേഗതയിലാണ് നിലംപതിച്ചത്. ഈ സമയം പൈലറ്റ് അടിയന്തര സാഹചര്യമാണെന്ന് അറിയിക്കുകയും അപായ സന്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് വലതുവശത്തേക്ക് കുത്തനെ ചരിഞ്ഞ വിമാനം അതിവേഗത്തിൽ ഭൂമിയിലേക്ക് പതിക്കുകയായിരുന്നു.
Today’s plane crash in Palm Beach County, Florida is a horrific tragedyHere’s what we know: – At 12:50 PM ET, a Learjet 60 crashed in a neighborhood near Cresthaven, FL – All 9 people on board were killed – The aircraft departed from Austin, Texas, and was headed to the Bahamas – The FAA is sending a team to the scene to support the @NTSB’s investigationPlease join me in praying for the families and loved ones of those we lost — @FAANews & @USDOT are closely monitoring this crash and will share updates as we learn more
— Secretary Sean Duffy (@SecDuffy) November 1, 2026
ഒരു മിസൈൽ വന്നു പതിക്കുന്നത് പോലെ വിമാനം കുത്തനെ റോഡിലേക്ക് വീഴുന്നതിന്റെയും അഗ്നിഗോളമായി മാറുന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്ന വാഹനത്തിലെ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അപകടസമയത്ത് പ്രദേശത്ത് ശക്തമായ ഇടിമിന്നലും മഴയുമുണ്ടായിരുന്നു. കടകളും ഭക്ഷണശാലകളും നിറഞ്ഞ ‘മിലിട്ടറി ട്രയൽ’ എന്ന ആറുവരിപ്പാതയിലേക്കാണ് വിമാനം വീണത്. ശക്തമായ ആഘാതത്തിൽ റോഡിൽ വലിയൊരു കുഴിയ രൂപപ്പെടുകയും വിമാനാവശിഷ്ടങ്ങൾ നാലുപാടും ചിതറുകയും ചെയ്തു.
“ഒരു മിസൈൽ വന്നു പതിക്കുന്നത് പോലെയായിരുന്നു അത്. ഉള്ളൊന്ന് നടുക്കുന്ന വൻ സ്ഫോടനമാണ് ഉണ്ടായത്,” ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ വിമാനം വീണ സമയത്ത് റോഡിലുണ്ടായിരുന്ന ആർക്കും പരിക്കേൽക്കുകയോ ജീവാപായം സംഭവിക്കുകയോ ചെയ്തിട്ടില്ല എന്നത് വലിയൊരു ആശ്വാസമായി.
അപകടത്തെത്തുടർന്ന് പാം ബീച്ച് കൗണ്ടി ഫയർ റെസ്ക്യൂ വിഭാഗം പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സമീപത്തെ ട്രെയിലർ പാർക്കിൽ താമസിക്കുന്ന അറുന്നൂറോളം പേരെ താൽക്കാലികമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അപകടത്തിൽ പ്രദേശത്തെ ശുദ്ധജല വിതരണ ശൃംഖല ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടമുണ്ടായി. റോഡ് പൂർണ്ണസ്ഥിതിയിലാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ കുറഞ്ഞത് 30 ദിവസങ്ങൾ വേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.
ദുരന്തത്തെക്കുറിച്ച് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ മാർ-എ-ലാഗോയിലുണ്ടായിരുന്ന ഡോണൾഡ് ട്രംപ്, അപകടം നടക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ് അടുത്തുള്ള വിമാനത്താവളത്തിൽ നിന്നും എയർഫോഴ്സ് വണ്ണിൽ യാത്ര തിരിച്ചത്.
Nine dead in Florida plane crash; aircraft plummeted like a missile, resulting in a massive explosion.















